Mahdani petiton solved ; Supreme Court created new bench

ദില്ലി: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് സുപ്രീം കോടതി പുതിയ ബഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്നതാണ് പുതിയ ബഞ്ച്.

ജസ്റ്റിസ് ജെ ചെലമേശ്വര്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. ബംഗളുരു സ്‌ഫോടനക്കേസിലേതടക്കം മഅ്ദനി സമര്‍പ്പിച്ച ഹര്‍ജികളാണ് പുതിയ ബെഞ്ച് പരിഗണിക്കുക. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.

ബംഗലൂരു സ്‌ഫോടന കേസിലെ വിചാരണ കര്‍ണാടക സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അബ്ദുല്‍ നാസര്‍ മഅ്ദനി സത്യവാങ്മൂലം നല്‍കിയിരുന്നു.

ഗുരുതര രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാനും കേരളത്തില്‍ ചികിത്സ തേടാനും അനുവദിക്കണമെന്നാണ് മഅ്ദനിയുടെ ആവശ്യം.

എന്നാല്‍, ചികിത്സയ്ക്കായി കേരളത്തില്‍ പോകണമെന്ന മദനിയുടെ അപേക്ഷയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

നേരത്തെ ഈ മാസം ആദ്യം അബ്ദുള്‍ നാസര്‍ മഅ്ദനിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് മഅ്ദനിക്ക് വിദഗ്ദ ചികിത്സ വേണ്ടി വന്നത്.

മഅ്ദനിയെ വിശദമായ പരിശോധനക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ബംഗളുരു വിട്ട് പോകരുതെന്ന നിബന്ധനയോടെ ഇപ്പോള്‍ ജാമ്യത്തിലാണ് മഅ്ദനി.

Top