അമേരിക്കയില്‍ പ്രതിഷേധം; വാഷിങ്ടണിലെ ഗാന്ധി പ്രതിമ നശിപ്പിച്ചു

വാഷിംഗ്ടണ്‍: പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ എട്ടാം ദിവസവും പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനെ തുടര്‍ന്ന് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത അജ്ഞാതരാണ് പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ രാത്രിയും പതിനായിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. 29 നഗരങ്ങളില്‍ കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിക്കാനായിട്ടില്ല. ഫ്‌ളോയ്ഡിന്റെ ജന്മനഗരമായ ടെക്‌സസിലെ ഹൂസ്റ്റണാണ് ഏറ്റവുംവലിയ പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചത്. ഫ്‌ളോയ്ഡിന്റെ ബന്ധുക്കളും പങ്കുചേര്‍ന്നു. ഒട്ടേറെ നഗരങ്ങളില്‍ ജനം കര്‍ഫ്യൂ ലംഘിച്ചു. അക്രമവും കൊള്ളയും വര്‍ധിച്ചതിനെത്തുടര്‍ന്നാണ് പലനഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

അതേസമയം, ഫ്‌ളോയ്ഡ് മരിക്കാനിടയായ സംഭവം പൊലീസിനും ഭരണനേതൃത്വത്തിനും നേരെ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിട്ടുള്ളത്. രാജ്യത്ത് പൊലീസ് നടപടികളിലും വെടിവെപ്പിലും ആഫ്രിക്കന്‍-അമേരിക്കക്കാരും ഹിസ്പാനിക് വംശജരുമാണ് കൂടുതലും മരിക്കുന്നത്. പ്രതിഷേധം കനത്ത വാഷിങ്ടണ്‍ ഡി.സി.യില്‍ വീണ്ടും സൈന്യമിറങ്ങിയിരിക്കുകയാണ്.

Top