മഹാരാഷ്ട്ര കേസ്; സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി; ഉത്തരവ് നാളെ പത്തരയ്ക്ക്‌

ന്യൂഡല്‍ഹി: മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ വേണമെന്ന കാര്യത്തിലെ ഉത്തരവ് നാളെ പത്തരക്ക് പറയാമെന്ന് സുപ്രീംകോടതി അറിയിച്ചു. വിശദമായ വാദം കേട്ടാണ് സുപ്രീംകോടതി തീരുമാനമെടുത്തത്. 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന കോണ്‍ഗ്രസ് എന്‍സിപി കക്ഷികളും വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.

ഇരുപത്തിനാലോ നാല്‍പ്പത്തെട്ടോ മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് വേണം. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണം. വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ എല്ലാവര്‍ക്കും കാണുന്ന വിധത്തില്‍ സുതാര്യമാക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും സേന എന്‍സിപി കോണ്‍ഗ്രസ് സഖ്യം കോടതിയില്‍ ആവശ്യപ്പെട്ടത്. ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതെന്നും വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ വേണമെന്ന് തീരുമാനിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമുണ്ടെന്നും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ അറിയിച്ച് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയത് വിശദമായ കത്താണെന്ന് ബിജെപി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണറുടെ സെക്രട്ടറിക്കും വേണ്ടി ഹാജരായ തുഷാര് മേത്തയാണ് സുപ്രീംകോടതിയില്‍ കത്ത് ഹാജരാക്കിയത്. മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഗവര്‍ണറുടെ കത്ത് കയ്യിലുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലുണ്ടായ സംഭവങ്ങള്‍ വിശദീകരിക്കാന്‍ സമയം വേണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

തുടര്‍ന്ന് 54 പേരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നല്‍കിയ കത്ത് തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വായിച്ചു. എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് അവകാശവാദവും കത്തിലുണ്ട്. എംഎല്‍എമാരുടെ പട്ടികയും കത്തിനൊപ്പം ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു.ഗവര്‍ണര്‍ക്ക് പിന്തുണ ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കേണ്ട ആവശ്യം ഇല്ല അതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നല്‍കിയതെന്ന വിശദീകരണമാണ് സുപ്രീംകോടതിയില്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയത്.

മൂന്നുപാര്‍ട്ടികള്‍ക്കും സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കിയതെന്നും ആരും സര്‍ക്കാരുണ്ടാക്കാത്തതിനാലാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും നല്‍കിയ കത്തുകള്‍ കോടതിയില്‍ വായിച്ചു. അജിത് പവാര്‍ നല്‍കിയ കത്തില്‍ 54 എന്‍സിപി എംഎല്‍എമാരുടെ ഒപ്പുണ്ടെന്നും ബിജെപി അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി വാദിച്ചു. 54 എന്‍സിപി അംഗങ്ങളുടെ ഒപ്പുള്ള കത്താണ് അജിത് പവാര്‍ കോടതിയില്‍ ഹാജരാക്കിയത്.

അജിത് പവാറിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതാണ് കത്ത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല് ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നും കത്തില്‍ പറയുന്നു. മണീന്ദര്‍ സിങ്ങാണ് അജിത് പവാറിനു വേണ്ടി വാദിച്ചത്. തന്റെ കത്ത് ഭരണഘടനാപരമായും നിയമപരമായും നിലനില്‍ക്കുന്നതെന്നു അജിത് പവാര്‍ ചൂണ്ടിക്കാട്ടി. എന്‍സിപി താനാണ്. 54 എന്‍സിപി എംഎല്‍എമാര്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്നും തന്റെ കത്തിനാണ് നിയമസാധുതയെന്നും അജിത് വാദിച്ചു.

എന്‍സിപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന് ഭൂരിപക്ഷമുണ്ടെന്നു കാണിക്കുന്ന ദേവേന്ദ്ര ഫഡ്‌നാവിന്റെ കത്തും കോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് ഫഡ്‌നാവിസിന്റെ അഭിഭാഷകന് ബോധിപ്പിച്ചു.

ഫഡ്‌നാവിസിന് 170 എംഎല്എമാരുടെ പിന്തുണയുണ്ടെന്ന് ബോധ്യപ്പെട്ടെന്നും അജിത് പവാറിന്റെ കത്തിന്റെ കൂടി അടിസ്ഥാനത്തില് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നുവെന്നുമാണ് ഗവര്‍ണറുടെ കത്തില്‍ പറയുന്നത്. സത്യപ്രതിജ്ഞയ്ക്കുശേഷം വിശ്വാസവോട്ട് തേടണം. എത്രദിവസത്തിനകം വിശ്വാസവോട്ട് എന്ന് ഗവര്‍ണറുടെ കത്തില്‍ പറയുന്നില്ല. മൂന്നു കത്തുകളും കോടതി വിശദമായി വായിച്ചു. ഭൂരിപക്ഷം തെളിയിക്കാന് രേഖകളുണ്ടെന്ന് മുകുള് റോഹത്ഗി പറഞ്ഞു. വിശ്വാസവോട്ട് എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഭൂരിപക്ഷമുണ്ടോയെന്നു കോടതി ചോദിച്ചു. മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഭൂരിപക്ഷം ഉണ്ടോ എന്നതാണ് പ്രധാനമെന്നും അത് തെളിയേണ്ടത് നിയമസഭയില്‍ വിശ്വാസവോട്ടിലൂടെ ആണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. മുന്‍പ് നടന്ന കേസുകളില്‍ 24 മണിക്കൂറിനകം വിശ്വാസവോട്ടിന് ഉത്തരവിട്ടിട്ടുണ്ടെന്നു കോടതി ഓര്‍മിപ്പിച്ചു. ഗവര്‍ണര്‍ക്കു മുന്നിലല്ല നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്നും ജ. ഖന്ന വ്യക്തമാക്കി.

വിശ്വാസവോട്ടെടുപ്പ് എത്ര ദിവസത്തിനകം വേണമെന്നു നിര്‍ദേശിക്കാന്‍ കോടതിക്കാകില്ലെന്നു ബിജെപി അഭിഭാഷകന്‍ വാദിച്ചു. ഗവര്‍ണറാണ് അത് തീരുമാനിക്കേണ്ടത്. ഇതിനിടെ ഗവര്‍ണറെ തുണച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. വിശ്വാസവോട്ട് എപ്പോള്‍ നടത്തണമെന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. ഗവര്‍ണറുടെ തീരുമാനത്തില് കോടതിക്ക് ഇടപെടാനാവില്ല. ഗവര്‍ണറുടെ അധികാരത്തില്‍ കൈകടത്തുന്നത് ഗുരുതരപ്രത്യാഘാതമുണ്ടാക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണറുടേത് അനാവശ്യതിടുക്കമെന്നു ശിവസേന വാദിച്ചു. പുലര്‍ച്ചെ സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചത് തികച്ചും ദുരൂഹമെന്നും ശിവസേന പറഞ്ഞു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. വാദം തുടരുകയാണ്. മഹാസഖ്യത്തിനായി കപില്‍ സിബലും അഭിഷേക് സിങ്വിയുമാണ് ഹാജരായത്. കേസില്‍ കക്ഷിചേരാന് ഹിന്ദുമഹാസഭ നല്‍കിയ അപേക്ഷ കോടതി തള്ളി.

ദേവേന്ദ്ര ഫട്‌നാവിസ് സര്‍ ക്കാരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ നടപടി റദ്ദു ചെയ്യുക, 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്താന് ഉത്തരവിടുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഭൂരിപക്ഷം തെളിയിക്കാന് മൂന്ന് ദിവസത്തെ സാവകാശം വേണമെന്ന ബിജെപി ആവശ്യവും തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമാക്കിയ രേഖകകള്‍ ഹാജരാക്കാന് സുപ്രീം കോടതി നിര്‍ദേശിച്ചത്.

Top