ഭൂരിപക്ഷം തെളിയിക്കേണ്ടത് ഗവര്‍ണറുടെ മുന്നിലല്ല, സഭയിലാണ്: സുപ്രീംകോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സാധൂകരിക്കുന്ന മൂന്ന് കത്തുകളുമായാണ് ബിജെപി അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി സുപ്രീംകോടതിയില്‍ എത്തിയത്. ഗവര്‍ണറുടെ ക്ഷണക്കത്ത്, ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്‌നാവിസ് നല്‍കിയ കത്ത്, അജിത് പവാര്‍ നല്‍കിയ എന്‍സിപി എംഎല്‍എമാരുടെ ഒപ്പുള്ള കത്ത് എന്നിവ മൂന്നും മുകുള്‍ റോഹത്ഗി കോടതിയില്‍ സമര്‍പ്പിച്ചു. 152 എംഎല്‍എമാര്‍ ഒപ്പിട്ട കത്തുമായാണ് മഹാസഖ്യ നേതാക്കള്‍ സുപ്രീംകോടതിയിലെത്തിയത്.

സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ ബിജെപി അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. മൂന്നുപാര്‍ട്ടികള്‍ക്കും സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കിയതെന്നും ആരും സര്‍ക്കാരുണ്ടാക്കാത്തതിനാലാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും നല്‍കിയ കത്തുകള്‍ കോടതിയില്‍ വായിച്ചു. അജിത് പവാര്‍ നല്‍കിയ കത്തില്‍ 54 എന്‍സിപി എംഎല്‍എമാരുടെ ഒപ്പുണ്ടെന്നും ബിജെപി അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി വാദിച്ചു. 54 എന്‍സിപി അംഗങ്ങളുടെ ഒപ്പുള്ള കത്താണ് അജിത് പവാര്‍ കോടതിയില്‍ ഹാജരാക്കിയത്.

അജിത് പവാറിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതാണ് കത്ത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല് ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നും കത്തില്‍ പറയുന്നു. മണീന്ദര്‍ സിങ്ങാണ് അജിത് പവാറിനു വേണ്ടി വാദിച്ചത്. തന്റെ കത്ത് ഭരണഘടനാപരമായും നിയമപരമായും നിലനില്‍ക്കുന്നതെന്നു അജിത് പവാര്‍ ചൂണ്ടിക്കാട്ടി. എന്‍സിപി താനാണ്. 54 എന്‍സിപി എംഎല്‍എമാര്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്നും തന്റെ കത്തിനാണ് നിയമസാധുതയെന്നും അജിത് വാദിച്ചു.

എന്‍സിപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന് ഭൂരിപക്ഷമുണ്ടെന്നു കാണിക്കുന്ന ദേവേന്ദ്ര ഫഡ്‌നാവിന്റെ കത്തും കോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് ഫഡ്‌നാവിസിന്റെ അഭിഭാഷകന് ബോധിപ്പിച്ചു.

ഫഡ്‌നാവിസിന് 170 എംഎല്എമാരുടെ പിന്തുണയുണ്ടെന്ന് ബോധ്യപ്പെട്ടെന്നും അജിത് പവാറിന്റെ കത്തിന്റെ കൂടി അടിസ്ഥാനത്തില് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നുവെന്നുമാണ് ഗവര്‍ണറുടെ കത്തില്‍ പറയുന്നത്. സത്യപ്രതിജ്ഞയ്ക്കുശേഷം വിശ്വാസവോട്ട് തേടണം. എത്രദിവസത്തിനകം വിശ്വാസവോട്ട് എന്ന് ഗവര്‍ണറുടെ കത്തില്‍ പറയുന്നില്ല. മൂന്നു കത്തുകളും കോടതി വിശദമായി വായിച്ചു. ഭൂരിപക്ഷം തെളിയിക്കാന് രേഖകളുണ്ടെന്ന് മുകുള് റോഹത്ഗി പറഞ്ഞു. വിശ്വാസവോട്ട് എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഭൂരിപക്ഷമുണ്ടോയെന്നു കോടതി ചോദിച്ചു. മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഭൂരിപക്ഷം ഉണ്ടോ എന്നതാണ് പ്രധാനമെന്നും അത് തെളിയേണ്ടത് നിയമസഭയില്‍ വിശ്വാസവോട്ടിലൂടെ ആണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. മുന്‍പ് നടന്ന കേസുകളില്‍ 24 മണിക്കൂറിനകം വിശ്വാസവോട്ടിന് ഉത്തരവിട്ടിട്ടുണ്ടെന്നു കോടതി ഓര്‍മിപ്പിച്ചു. ഗവര്‍ണര്‍ക്കു മുന്നിലല്ല നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്നും ജ. ഖന്ന വ്യക്തമാക്കി.

വിശ്വാസവോട്ടെടുപ്പ് എത്ര ദിവസത്തിനകം വേണമെന്നു നിര്‍ദേശിക്കാന്‍ കോടതിക്കാകില്ലെന്നു ബിജെപി അഭിഭാഷകന്‍ വാദിച്ചു. ഗവര്‍ണറാണ് അത് തീരുമാനിക്കേണ്ടത്. ഇതിനിടെ ഗവര്‍ണറെ തുണച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. വിശ്വാസവോട്ട് എപ്പോള്‍ നടത്തണമെന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. ഗവര്‍ണറുടെ തീരുമാനത്തില് കോടതിക്ക് ഇടപെടാനാവില്ല. ഗവര്‍ണറുടെ അധികാരത്തില്‍ കൈകടത്തുന്നത് ഗുരുതരപ്രത്യാഘാതമുണ്ടാക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണറുടേത് അനാവശ്യതിടുക്കമെന്നു ശിവസേന വാദിച്ചു. പുലര്‍ച്ചെ സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചത് തികച്ചും ദുരൂഹമെന്നും ശിവസേന പറഞ്ഞു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. വാദം തുടരുകയാണ്. മഹാസഖ്യത്തിനായി കപില്‍ സിബലും അഭിഷേക് സിങ്വിയുമാണ് ഹാജരായത്. കേസില്‍ കക്ഷിചേരാന് ഹിന്ദുമഹാസഭ നല്‍കിയ അപേക്ഷ കോടതി തള്ളി.

Top