മദ്യം കടത്തുന്നത് തടയാന്‍ മഹാരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചുപൂട്ടി

മുംബൈ: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മദ്യം കടത്തുന്നത് തടയാന്‍ മഹാരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചുപൂട്ടി. കൂടാതെ പന്ത്രണ്ടോളം ചെക്ക് പോസ്റ്റുകളില്‍ കാവല്‍ ശക്തമാക്കുകയും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകളെ തുടര്‍ന്ന് രാജ്യത്ത് പല സംസ്ഥാനങ്ങളിലും മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

സംസ്ഥാനത്ത് മദ്യത്തിനുള്ള ആവശ്യകത വര്‍ധിച്ചത് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി മദ്യമെത്തിക്കുന്നതിലേക്ക് നയിക്കുമെന്ന് എക്‌സൈസ് വകുപ്പ് വിലയിരുത്തുന്നു.

അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് മദ്യമെത്താനുള്ള ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എക്‌സൈസ് വകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ്, വിജിലന്‍സ് ടീം എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച് മുതല്‍ അനധികൃതമായി മദ്യം കൊണ്ടുവന്നതിന് ഇതുവരെ 4,829 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 438 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

2,104 പേരെ അറസ്റ്റ് ചെയ്തതായും 12.63 കോടി രൂപയുടെ മദ്യവും സ്പിരിറ്റും പിടികൂടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തേക്ക് മദ്യവും സ്പിരിറ്റും അനധികൃതമായി കൊണ്ടു വരുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.

Top