മഹേഷ് ബാബുവിന് 43-ാം പിറന്നാള്‍; ‘മഹര്‍ഷി’യുടെ ടീസര്‍ പുറത്തുവിട്ടു

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന് ഇന്ന് 43-ാം ജന്മദിനമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ മഹര്‍ഷിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും ഇന്ന് പുറത്തു വിട്ടു. മഹര്‍ഷിയില്‍ റിഷി എന്ന കഥാപാത്രമായാണ് മഹേഷ് എത്തുന്നത്. റിഷിയുമായുള്ള യാത്ര ഇന്ന് തുടങ്ങുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചു കൊണ്ട് മഹേഷ് ബാബു കുറിച്ചു.

ടീസറില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് മഹേഷിനെ കാണുന്നത്. കൈയില്‍ ഒരു ലാപ്‌ടോപ്പും പിടിച്ചു നടന്നു വരുന്നതും കാണാം. പൂജ ഹെഡ്ജ്, അല്ലാരി നരേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വംഷി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസ്, ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ്, പിവിപി സിനിമാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം.

Top