രാഷ്ട്രപതി ഭരണത്തിലേക്ക് ? ; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു

fadnavis

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. നിലവില്‍ ആരും അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങാനാണ് സാധ്യത.

അതേസമയം, ശിവസേനയെ പിന്തുണയ്ക്കണമോ എന്ന കാര്യത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ഇന്ന് തീരുമാനമെടുക്കും.

കോണ്‍ഗ്രസോ എന്‍.സി.പിയോ ശിവസേനക്ക് പിന്തുണ നല്‍കുന്നില്ലെങ്കില്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരവസരം കൂടിയുണ്ട്. പാര്‍ട്ടി ഇക്കാര്യം ഗൗരവപൂര്‍വ്വമായി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശിവസേന അടക്കമുള്ള പാര്‍ട്ടികളിലെ വിമതരെയും സ്വതന്ത്രരെയും ക്രമേണ കുതിരക്കച്ചവടത്തിലൂടെ ഒപ്പം നിര്‍ത്താനുള്ള സാധ്യതയാണ് ബി.ജെ.പി മുന്നില്‍ കാണുന്നത്.

സേനാ നേതാവ് സഞ്ജയ് റാവുത്ത് ഇന്നലെ ശരദ് പവാറിനെ കണ്ടതിനുപിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും പവാറുമായി കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയാണ് പ്രധാനലക്ഷ്യമെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചത്.

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചാല്‍ എന്‍സിപി കൂടെ ചേരുമെന്നും കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നുമാണ് ശിവസേനയുടെ പ്രതീക്ഷ.

Top