മന്ത്രിസഭാ വികസനത്തില്‍ മൗനം തുടര്‍ന്ന് ഉദ്ധവ്; തികക്ഷി സഖ്യത്തില്‍ ഭിന്നതയെന്ന് ബിജെപി

മുംബൈ: ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡിയിലെ ശിവസേന എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും ഇടയില്‍ ഭിന്നത രൂക്ഷമാണെന്ന് ബിജെപി.മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരാഴ്ച പിന്നിട്ടിട്ടും മന്ത്രിസഭാ വികസനത്തെക്കുറിച്ചുള്ള ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. ഉദ്ധവ് താക്കറയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത 6 മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച പ്രഖ്യാപനവും ഇതുവരെ നടന്നിട്ടില്ല. ഈ അവസരത്തിലാണ് ബിജെപിയുടെ ആരോപണം.

വകുപ്പുവിഭജനം സംബന്ധിച്ച് വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നാണ് മഹാ വികാസ് അഘാഡി നേതാക്കള്‍ പറയുന്നത്. വകുപ്പുവിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നതായും അടുത്ത ദിവസം ശിവസേനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ബാലാസാഹെബ് തോറാട്ട് അറിയിച്ചു. എന്‍സിപിയില്‍ നിന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും കോണ്‍ഗ്രസില്‍ നിന്ന് അഹമ്മദ് പട്ടേല്‍, അശോക് ചവാന്‍, ബാലാസാഹെബ് തോറാട്ട്, നിതിന്‍ റാവുത്ത് എന്നിവരുമാണ് പങ്കെടുത്തത്.

ശിവസേനയ്ക്ക് 15, എന്‍സിപിക്ക് 16, കോണ്‍ഗ്രസിന് 12 എന്ന തോതില്‍ മന്ത്രിസ്ഥാന വിഭജനം ഉണ്ടാകുമെന്നതാണ് സൂചന. എന്‍സിപിക്കു ലഭിക്കുന്ന ഉപമുഖന്ത്രിപദത്തിലേക്ക് അജിത് പവാറിനു തന്നെയാണ് ഇപ്പോഴും മുന്‍തൂക്കം.

Top