മഹാരാഷ്ട്ര കേസ്; അജിത് പവാര്‍ സമര്‍പ്പിച്ച കത്ത് കോടതി പരിഗണിക്കുന്നു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ അറിയിച്ച് ഗവര്‍ണര്‍ക്ക് അജിത് പവാര്‍ നല്‍കിയത് വിശദമായ കത്താണെന്ന് ബിജെപി. കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണറുടെ സെക്രട്ടറിക്കും വേണ്ടി ഹാജരായ തുഷാര്‍ മേത്തയാണ് സുപ്രീംകോടതിയില്‍ കത്ത് ഹാജരാക്കിയത്. മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഗവര്‍ണറുടെ കത്ത് കയ്യിലുണ്ടെന്നും. തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലുണ്ടായ സംഭവങ്ങള്‍ വിശദീകരിക്കാന്‍ സമയം വേണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

54 പേരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നല്‍കിയ കത്ത് തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വായിച്ചു. എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് അവകാശവാദവും കത്തിലുണ്ട്. എംഎല്‍എമാരുടെ പട്ടികയും കത്തിനൊപ്പം ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്.

ഗവര്‍ണര്‍ പുറത്തിറങ്ങി നടന്ന് പിന്തുണ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കേണ്ട കാര്യം ഗവര്‍ണര്‍ക്ക് ഇല്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നല്‍കിയതെന്ന വിശദീകരണമാണ് സുപ്രീംകോടതിയില്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്നും രേഖകള്‍ വ്യാജമല്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു.

പവാര്‍ കുടുംബത്തിലെ തര്‍ക്കങ്ങളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഇപ്പോഴത്തെ പ്രശ്‌നം മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഭൂരിപക്ഷം ഉണ്ടോ എന്നതാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. അത് വിശ്വാസ വോട്ടെടുപ്പിലൂടെ തെളിയിക്കണം. വിശ്വസ വോട്ടെടുപ്പ് നടത്തണം, പക്ഷെ അത് ഇത്ര ദിവസത്തിനുളളില്‍ എന്ന് നിര്‍ദേശിക്കാന്‍ ആവില്ലെന്നും മുകുള്‍ റോത്തഗി കോടതിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണ്ണര്‍ നല്‍കിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ കത്തുമാണ് കോടതി പരിശോധിച്ചത്. പത്തരക്ക് കോടതി ചേരുന്നതിന് മുന്‍പ് രേഖകള്‍ എത്തിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍ കിയ ഗവര്‍ണ്ണറുടെ നടപടി റദ്ദു ചെയ്യുക, 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം വേണമെന്ന ബിജെപി ആവശ്യവും തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്.

Top