മഹാരാഷ്ട്രയില്‍ ആശങ്കയ്ക്ക് കുറവില്ല; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,64,626 ആയി. സംസ്ഥാനത്ത് ഒരു ദിവസം സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 156 മരണംകൂടി ഇന്ന് റിപ്പോര്‍ട്ടു ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 7429 ആയി.

ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 156 മരണങ്ങളില്‍ 60 എണ്ണം കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ സംഭവിച്ചതാണ്. 2330 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 86,575 ആയി. 70,607 ആക്ടീവ് കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയിലുള്ളത്. 9,23,502 പരിശോധനകള്‍ ഇതുവരെ മഹാരാഷ്ട്രയില്‍ നടന്നിട്ടുണ്ടെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 30നു ശേഷവും തുടരുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് വ്യക്തമാക്കിയിരുന്നു.

അതിനിടെ ചേരി പ്രദേശമായ ധാരാവിയില്‍ ഇന്ന് 13 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതോടെ ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2245 ആയി. 81 പേരാണ് ധാരാവിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Top