എന്‍സിപി വീണ്ടും പ്രതിസന്ധിയില്‍; പാര്‍ട്ടി എംഎല്‍എമാര്‍ക്ക് അജിത് പവാര്‍ വിപ്പ് നല്‍കും

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച അജിത് പവാര്‍ വിശ്വാസ വോട്ടെടുപ്പില്‍ എന്‍സിപി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി എന്‍സിപി തെരഞ്ഞെടുത്തിരുന്നു. അജിത് പവാര്‍ സ്വന്തം നിലയ്ക്ക് തന്റെയും പാര്‍ട്ടി എംഎല്‍എമാരുടെയും പിന്തുണ ബിജെപിക്കാണെന്ന് അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കി പകരം ജയന്ത് പാട്ടീലിനെ എംഎല്‍എമാരുടെ യോഗത്തില്‍ തെരഞ്ഞെടുത്തിരുന്നു. ഈ കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ ഇന്നലെ തന്നെ ജയന്ത് പാട്ടീല്‍ രാജ്ഭവനിലെത്തിയിരുന്നെങ്കിലും ഗവര്‍ണര്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.

വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ഇതിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ടാകും അജിത് പവാര്‍ എന്‍സിപി അംഗങ്ങള്‍ഗക്ക് വിപ്പ് നല്‍കുക.

അതേസമയം അജിത് പവാറിനൊപ്പമുള്ള എംഎല്‍എമാരെ നാല് എംഎല്‍എമാരെ എന്‍സിപി സ്വന്തം പാളയത്തിലെത്തിച്ചു.അനില്‍ പാട്ടീല്‍, ബാബാസാഹിബ് പാട്ടീല്‍, ദൗലത്ത് ദരോഡ,നര്‍ഹരി സിര്‍വര്‍ എന്നിവരാണ് ഇന്നും ഇന്നലെയുമായി പാര്‍ട്ടി ക്യാമ്പില്‍ തിരിച്ചെത്തിയത്. എന്‍സിപി വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് സോണിയ ദൂഹനും, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ധീരജ് ശര്‍മ്മയും ചേര്‍ന്നാണ് അജിത് പവാറിനൊപ്പം പോയ ദൗലത് ദരോദ, അനില്‍ പാട്ടീല്‍ എന്നീ എംഎല്‍എമാരെയാണ് ഇന്ന് മുംബൈയില്‍ തിരികെയെത്തിച്ചത്.ഇതോടെ 54 എംഎല്‍എമാരില്‍ 53 പേരും ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് എന്‍സിപി നേതൃത്വത്തിന്റെ അവകാശവാദം.

ഇനി പിംപ്രി എംഎല്‍എ അണ്ണാ ബന്‍സോഡെ മാത്രമാണ് അജിത് പവാറിനൊപ്പം ഉള്ളതെന്നാണ് എന്‍സിപി നേതാക്കള്‍ പറയുന്നത്. ഡല്‍ഹിയില്‍ തങ്ങുന്ന മറ്റൊരു എംഎല്‍എ നര്‍ഹരി സിര്‍വാള്‍ തങ്ങള്‍ക്കൊപ്പമാണെന്നും എന്‍സിപി അവകാശപ്പെടുന്നു. ഇരുവരെയും ഉടന്‍ തിരിച്ചെത്തിക്കുമെന്നാണ് എന്‍സിപി ക്യാംപ് പറയുന്നത്.

Top