രാജ്യം ആശങ്കയില്‍; മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ കൂടുന്നു; കൂടുതലും ധാരാവിയില്‍

മുംബൈ: രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി മഹാരാഷ്ട്രയില്‍ അതിവേഗം കൊവിഡ് ബാധ പടരുന്നു. ഏറ്റവുമൊടുവില്‍ മഹാരാഷ്ട്രയില്‍ 1364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 746 എണ്ണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ധാരാവിയില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഈ സാഹചര്യത്തില്‍ ധാരാവിയിലെ പഴം, പച്ചക്കറി കടകളടക്കം അടച്ചിടാനാണ് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ ദിവസവും നൂറോ അതിലധികമോ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. എട്ടില്‍ കുറയാതെ മരണവും ദിവസം തോറും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സമൂഹവ്യാപനമെന്ന ഘട്ടത്തിലേക്ക് സംസ്ഥാനം കടന്നിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറയുന്നത്. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അതിന്റെ തോതില്‍ വലിയ വര്‍ധനവില്ലെന്നാണ് വിശദീകരണം.

46 മലയാളി നഴ്‌സുമാര്‍ക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ച ആശുപത്രിയാണ് വൊക്കാര്‍ഡ്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ബീച്ച് കാന്‍ഡി, ബാട്ടിയ ആശുപത്രികളില്‍ ഒപി സേവനങ്ങള്‍ നിര്‍ത്തി. ജീവനക്കാരെ കൂട്ടത്തോടെ ക്വാറന്റൈന്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് എല്ലാ ആശുപത്രികളിലും പ്രകടമാണ്. ഈ കുറവ് പരിഹരിക്കാന്‍ വിരമിച്ചവരും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ളവവരുമായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സര്‍ക്കാര്‍ റിക്രൂട്ട് ചെയ്ത് തുടങ്ങി. ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ദക്ഷിണകൊറിയയില്‍ നിന്നെത്തിക്കാന്‍ മുംബൈ കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

Top