മഹാരാഷ്ട്ര സർക്കാർ ‘വീഴുമ്പോൾ’ പൊട്ടിച്ചിരിക്കുന്നത് ചാനൽ മേധാവി !

രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമാണ് മുംബൈ. ആ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയാണിപ്പോൾ കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുന്നത്. ഉദ്ധവ് സർക്കാർ വീണു കഴിഞ്ഞു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗം ശിവസേന എം.എൽ.എമാർ സ്വന്തം പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തി പുറത്തു പോയതാണ് സർക്കാറിന്റെ പതനത്തിൽ കലാശിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ ‘കളം’ അറിഞ്ഞു കളിച്ചിരിക്കുന്നത് ബി.ജെ.പിയാണ്. മുൻപ് എൻ.സി.പിയെ പിളർത്തി ഭരണം പിടിക്കാൻ നടത്തിയ നീക്കം പാളിയതിനാൽ ഇത്തവണത്തെ നീക്കം അതീവ രഹസ്യമായിരുന്നു.

മഹാരാഷ്ട്ര നിയമസഭ കൗൺസിൽ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ശിവസേനാ എം.എൽ.എ.മാരെ ബി.ജെ.പി. അടർത്തിമാറ്റുന്നത്. ജൂൺ പത്തിന് രാജ്യസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഓപ്പറേഷൻ താമരയ്ക്ക് സമയമായെന്ന് ബി.ജെ.പി. തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ 20-ലധികം വോട്ടുകൾ തങ്ങളുടെ പക്ഷത്തേക്ക് മറിക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞിരുന്നു. ഇതോടെയാണ് എം.വി.എ. സഖ്യത്തിലെ പലരും തങ്ങളുടെ കൂടെപ്പോരുമെന്ന് ബി.ജെ.പി നേതൃത്വം ഉറപ്പിച്ചിരുന്നത്. കൗൺസിൽ തിരഞ്ഞെടുപ്പിൽ അഞ്ചാമത്തെ സ്ഥാനാർഥിയുടെ വിജയവും ഉറപ്പിച്ചശേഷമാണ് മഹാരാഷ്ട്രയിലും ഓപ്പറേഷൻ താമരയ്ക്ക് ബി.ജെ.പി. തുടക്കമിട്ടിരിക്കുന്നത്.

ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡേക്കൊപ്പം ശിവസേനയുടെ 33 എംഎൽഎമാരുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സർക്കാരിന് ഭൂരിപക്ഷം നിലനിർത്താനാവശ്യമായ 145 അംഗങ്ങളുടെ പിന്തുണയാണ് ഇല്ലാതായിരിക്കുന്നത്.ഇതോടെയാണ് ഉദ്ധവ് താക്കറെ സർക്കാറിന് തുടരാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പന്ത് ഇനി ഗവർണറുടെ ക്വാർട്ടിലാണ്. വിശ്വാസ വോട്ടെടുപ്പോ അതോ സഭ തന്നെ പിരിച്ചുവിടണോ എന്നതിൽ ഗവർണറാണ് തീരുമാനമെടുക്കേണ്ടത്. വിമത എം.എൽ.എമാർ ഉറച്ചു നിന്നാൽ കുറുമാറ്റ പരിധിയിൽ നിന്നും അവർക്ക് രക്ഷപ്പെടാൻ കഴിയും.എങ്കിൽ മാത്രമേ ബി.ജെ.പിയും സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയൊള്ളു. അതല്ലങ്കിൽ ഗവർണർ ഭരണം അതു കഴിഞ്ഞാൽ പൊതു തിരഞ്ഞെടുപ്പ് എന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുക. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും ഇക്കാര്യത്തിൽ നിർണ്ണായകമാകും.

വിമത എംഎൽഎമാരെ ചാർട്ടേഡ് വിമാനത്തിലാണ് അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ടു പോയിരിക്കുന്നത്. 34 എംഎൽഎമാരോടൊപ്പമുള്ള ചിത്രവും ഏക്നാഥ് ഷിൻഡേ ക്യാമ്പിൽ നിന്നും പുറത്ത് വന്നിട്ടുണ്ട്. ഇതോടെയാണ് ഉദ്ധവ് താക്കറെ പ്രതിരോധത്തിലായി പോയത്. താക്കറെ കുടുംബത്തെയാണ് ഷിൻഡേ വെല്ലുവിളിച്ചിരിക്കുന്നത്. ഭരണം പോയാലും അതെന്തായാലും താക്കറെ കുടുംബം പൊറുക്കുകയില്ല. 32 ശിവസേന എംഎൽഎമാരും രണ്ട് പ്രഹാർ ജനശക്തി എംഎൽഎമാരുമാണ് ഷിൻഡേക്കൊപ്പമുള്ളത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വാസ വോട്ടിലേക്കും പൊതു തിരഞ്ഞെടുപ്പിലേക്ക് തന്നെയും കാര്യങ്ങള്‍ നീങ്ങിയാലും അത് ശിവസേന – എന്‍.സി പി – കോണ്‍ഗ്രസ്സ് സഖ്യ സര്‍ക്കാറിനാണ്, വലിയ ഭീഷണിയാവുക. വിശ്വാസ വോട്ടെടുപ്പാണെങ്കില്‍, ഒപ്പമുള്ളവരെ ഉറപ്പിച്ച് നിര്‍ത്തുന്നതിനു പോലും സഖ്യത്തിന് വെല്ലുവിളിയാകും. മറിച്ച് പൊതു തിരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ സഖ്യമായി മത്സരിക്കുക എന്നതും ഈ സഖ്യത്തിന് ശ്രമകരമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണിയിലാണ് ശിവസേന മത്സരിച്ചിരുന്നത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പ്രതിപക്ഷവുമായി കൂട്ടുചേര്‍ന്ന് ”മഹാവികാസ് അഖാഡി സഖ്യത്തിന് ”ശിവസേന രൂപം കൊടുത്തിരുന്നത്. ഇതില്‍ എന്‍.സി.പിയും കോണ്‍ഗ്രസ്സും പിന്നീട് പങ്കാളികളാകുകയാണ് ഉണ്ടായത്. പൊതു തിരഞ്ഞെടുപ്പ് നടന്നാല്‍ ഇത്തരമൊരു സഹകരണത്തിലേക്ക് പോകാന്‍ മൂന്നു പാര്‍ട്ടികള്‍ക്കും കഴിയുകയില്ല. സീറ്റു വിഭജനം തന്നെ വലിയ തര്‍ക്കത്തിലാണ് കലാശിക്കുക. അത്തരമൊരു ഘട്ടത്തില്‍ പാര്‍ട്ടികള്‍ക്കുള്ളിലെ ആഭ്യന്തര കലാപത്തിനും സാധ്യത ഏറെയാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു തന്നെയാണ് ബി.ജെ.പിയും കളിച്ചിരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് തന്നെയാണ് അവരുടെയും ആത്യന്തികമായ ലക്ഷ്യം. വിമത ശിവസേനക്കാര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി എന്‍.ഡി.എയില്‍ ചേരണമെന്നതാണ് ബി.ജെ.പിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ്സ് – എന്‍.സി.പി നേതാക്കള്‍ക്കും ബി.ജെ.പി വക വാഗ്ദാനമുണ്ട്. ഇതോടെ സ്വന്തം എം.എല്‍.എമാരെ ‘പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ്സ് – എന്‍.സി.പി നേതാക്കളും നിലവില്‍ മുംബൈയില്‍ തമ്പടിച്ചിരിക്കുകയാണ്. ദേശീയ രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധയാകെ മഹാരാഷ്ട്രയില്‍ കേന്ദ്രീകരിക്കുന്ന അസാധാരണ സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.

ഉദ്ധവ് താക്കറെയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് റിപ്പബ്ലിക് ചാനൽ മേധാവി അർണാബ് ഗോസ്വാമിയാണ്. തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മഹാരാഷ്ട്ര സർക്കാർ വീഴണമെന്നത് അദ്ദേഹം ആഗ്രഹിക്കുന്നതും സ്വാഭാവികമാണ്. പ്രധാനമന്ത്രി മുതൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വരെ ബി.ജെ.പി ഉന്നത നേതാക്കളുമായി അടുത്ത ബന്ധമാണ് അർണാബിനുള്ളത്. അദ്ദേഹം അറസ്റ്റിലായപ്പോൾ ഏറ്റവും ശക്തമായി പ്രതിരോധിക്കാൻ ഇറങ്ങിയതും ബി.ജെ.പിയാണ്. എന്തിനേറെ മഹാരാഷ്ട്ര ഗവർണർ വരെ ഈ വിഷയത്തിൽ ഇടപെടുന്ന അസാധാരണ സാഹചര്യവും ഉണ്ടായി. ” തന്നെ കൊല്ലുമെന്ന് അർണാബ് പൊലീസ് വാനിൽ നിന്നും അലറി വിളിച്ചപ്പോൾ ” പൊലീസ് വാഹനത്തിനു പിന്നാലെ സംരക്ഷകരായി കുതിച്ചതും ബി.ജെ.പി പ്രവർത്തകരാണ്. അത്രയ്ക്കും ശക്തമാണ് ബി.ജെ.പിയും അണാബ് ഗോസ്വാമിയും തമ്മിലുള്ള ബന്ധം. ഈ മാധ്യമ പ്രവർത്തകനു മുന്നിലേക്കാണ് ഇപ്പോൾ ശിവസേനയിലെ വിഷയം എത്തിയിരിക്കുന്നത്. ശരിക്കും ഒരു ആഘോഷമാക്കിയാണ് മഹാരാഷ്ട്ര സർക്കാറിന്റെ പ്രതിസന്ധി അർണാബും അദ്ദേഹത്തിന്റെ ചാനലും ഇപ്പോൾ ആഘോഷിക്കുന്നത്.

2018-ൽ, ആർക്കിടെക്റ്റ് അൻവേ നായിക്കിന്റെയും, അദ്ദേഹത്തിന്റെ അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണാബ് ഉൾപ്പെടെയുള്ളവരെ 2020 നവംബറിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.പണം നൽകാത്തതിനെ തുടർന്നാണ് അൻവേ നായിക്ക് ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യാ കുറിപ്പിൽ അർണാബിന്റെ പേരുണ്ടെന്നുമാണ് മുംബൈ പോലീസ് വാദിച്ചിരുന്നത്. ഒരു കൊടും കുറ്റവാളിയെ കൊണ്ടു പോകുന്നതു പോലെയാണ് റിപ്പബ്ലിക് ചാനൽ മേധാവിയെ മുംബൈ പൊലീസ് കൊണ്ടു പോയിരുന്നത്. മാധ്യമ ലോകത്തെ മാത്രമല്ല രാഷ്ട്രീയ നേതാക്കളെയും ഞെട്ടിച്ച അറസ്റ്റായിരുന്നു ഇത്. അർണാബിന് പെട്ടന്ന് ജാമ്യം ലഭിക്കാതിരിക്കാനും മഹാരാഷ്ട്ര സർക്കാരിന്റെ ഇടപെടലുണ്ടായി. ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തതിനാൽ ഹൈക്കോടതി പോലും അർണാബിന് ജാമ്യം നിഷേധിക്കുന്ന അവസ്ഥയുണ്ടായി. ഒടുവിൽ സുപ്രീംകോടതിയാണ് അദ്ദേഹത്തിനു ജാമ്യം അനുവദിച്ചിരുന്നത്. നായിക്കിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും, നായിക്കിന്റെ കുടുംബത്തെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നുമാണ് മഹാരാഷ്ട്ര സർക്കാർ വാദിച്ചിരുന്നത്. ഈ വാദം പക്ഷേ, സുപ്രീം കോടതിയിൽ വിലപ്പോയില്ല. ” ജാമ്യം നിഷേധിക്കുന്നത് നീതിയുടെ ലംഘനമല്ലേയെന്നാണ് ” കോടതി ചോദിച്ചിരുന്നത്. “താൻ ചാനൽ കാണുന്നില്ലന്നും നിങ്ങളുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാകാം അതെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഡി.വെ ചന്ദ്രചൂഡ് ഭരണഘടനാ കോടതികൾക്ക് ഇക്കാര്യത്തിൽ ഇടപെടാതിരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യം അനുവദിച്ചിരുന്നത്.“സംസ്ഥാന സർക്കാരുകൾ വ്യക്തികളെ ലക്ഷ്യം വയ്ക്കുകയാണെങ്കിൽ അവരുടെ വാതന്ത്ര്യം സംരക്ഷിക്കാൻ സുപ്രീം കോടതി ഉണ്ടെന്ന് മനസ്സിലാക്കണമെന്ന മുന്നറിയിപ്പും, സുപ്രീംകോടതി നൽകുകയുണ്ടായി.

റിപ്പബ്ലിക് ചാനലിന്റെ ഇന്റീരിയർ ഡിസൈനർ അൻവേയ്‌ നായിക്കും അമ്മയും ജീവനൊടുക്കിയ കേസിൽ രണ്ടാഴ്ചയാണ് അർണാബിന് ജയിലിൽ കിടക്കേണ്ടി വന്നിരിക്കുന്നത്‌. കസ്‌റ്റഡിയിൽ ഇരിക്കവെ ഫോൺ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്ന്‌ അലിബാഗിലെ ക്വാറന്റൈൻ കേന്ദ്രത്തിൽനിന്ന്‌ അർണാബിനെ തലോജ ജയിലിലേക്കാണ് പൊലീസ് മാറ്റിയിരുന്നത്. മഹാരാഷ്ട്രയിൽ ബി.ജെ.പി ഭരണകൂടം അധികാരത്തിൽ വന്നാൽ ഇതിനെല്ലാം, അർണാബ് പകരം ചോദിക്കുമെന്നാണ് മാധ്യമ പ്രവർത്തകരും ഉറച്ചു വിശ്വസിക്കുന്നത്. അതു കൊണ്ടു തന്നെ മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളെ മാധ്യമ ലോകവും ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

EXPRESS KERALA VIEW

Top