മഹാരാഷ്ട്രയിൽ പിടിമുറുക്കി ഉദ്ധവ്, ശിവസേനക്കൊപ്പം പാർട്ടി അണികൾ

ഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ വീണെങ്കിലും ശിവസേനയിൽ അപ്രമാധിത്യം ഇപ്പോഴും ഉദ്ധവിനു തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. ശിവസേന എം.എൽ.എമാരിൽ ഭൂരിപക്ഷത്തെയും അടർത്തിമാറ്റാൻ വിമത പക്ഷത്തിനു കഴിഞ്ഞെങ്കിലും പാർട്ടി പിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും വിമത എം.എൽ.എമാർക്ക് സ്വന്തം മണ്ഡലത്തിൽ ഇറങ്ങാൻ പോലും കഴിഞ്ഞിട്ടില്ലന്നതാണ് യാഥാർത്ഥ്യം. ശിവസൈനികരെല്ലാം വിമതരോട് നല്ല കലിപ്പിലാണ് ഉള്ളത്. അടുത്ത തിരഞ്ഞെടുപ്പിൽ കാണിച്ചു തരാമെന്നതാണ് അവരുടെ മുന്നറിയിപ്പ്. താക്കറെ കുടുംബത്തിന് തലകുനിച്ച് സെക്രട്ടറിയേറ്റിൽ നിന്നും മടങ്ങേണ്ടി വന്നതാണ് ശിവസേന പ്രവർത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. “തങ്ങൾ ജീവനു തുല്യം സ്നേഹിക്കുന്ന ബാൽ താക്കറെയുടെ മകൻ അപമാനിക്കപ്പെട്ടത് സഹിക്കില്ലന്നാണ് ശിവസേന പ്രവർത്തകർ ശപഥം ചെയ്യുന്നത്. സംസ്ഥാന വ്യാപകമായി നടന്ന പാർട്ടി യോഗങ്ങളിൽ എല്ലാം ഉദ്ധവ് താക്കറെയ്ക്ക് പിന്തുണ നൽകുന്ന കാഴ്ചയാണുള്ളത്. ഇത് വിമതപക്ഷത്തിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഭരണം കയ്യിലുള്ളതിനാൽ ശിവസേനയെ സംഘടനാപരമായും പിളർത്താൻ വിമത വിഭാഗം ശ്രമിക്കും എന്നതിനാൽ മറു തന്ത്രവും ഉദ്ധവ് വിഭാഗം കൈകൊണ്ടിട്ടുണ്ട്. പാർട്ടിയോടും നേതൃത്വത്തോടുമുള്ള വിശ്വാസ്യത തെളിയിക്കാൻ സത്യവാങ്മൂലം ഒപ്പിട്ടുനൽകണമെന്നാണ് ഉദ്ധവ് താക്കറെ ഭാരവാഹികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ”പാർട്ടിയോട് കൂറ് പുലർത്തുന്നുണ്ടെന്നത് എഴുതിയാണ് നൽകേണ്ടത്. ശാഖാ പ്രമുഖ് മുതലുള്ള ഭാരവാഹികൾക്കാണ് ഇത്തരമെരു നിർദ്ദേശം നൽകിയിരിക്കുന്നത്.

വിമതപക്ഷത്തിന് ബി.ജെ.പിക്ക് ഒപ്പം കൂടി ഇപ്പോൾ സർക്കാർ ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും അത് താൽക്കാലികം മാത്രമാണെന്നാണ് ശിവസേന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. അധികാരത്തിന് വേണ്ടി ശിവസേനയെ പിന്നിൽ നിന്ന് കുത്തിയ ബി.ജെ.പിക്ക് വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും ശിവസേന നേതൃത്വം നൽകിയിട്ടുണ്ട്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ഷോക്ക് ട്രീറ്റ്മെന്റ് നൽകാനാണ് അവരുടെ നീക്കം. മറാത്ത വികാരം ഉണർത്താൻ ശിവസേനക്ക് കഴിഞ്ഞാൽ ബി.ജെ.പിക്കാണ് അത് വലിയ തിരിച്ചടിയാവുക.2019-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 48 സീറ്റുകളിൽ 41സീറ്റും നേടിയത് എൻ.ഡി.എ ആണ്. ബിജെപി 23 സീറ്റുകൾ നേടിയപ്പോൾ ശിവസേന 18 സീറ്റുകളിലും വിജയിക്കുകയുണ്ടായി. എൻ.സി.പി – കോൺഗ്രസ്സ് ഉൾപ്പെട്ടെ സഖ്യത്തിനാകട്ടെ 6 സീറ്റുകൾ മാത്രമാണ് ലഭിച്ചിരുന്നത്.അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം, ഒരു സീറ്റും നേടുകയുണ്ടായി.

ബിജെപിയുടെ ബി ടീമെന്നു പ്രതിപക്ഷം ആരോപിച്ച പ്രകാശ് അംബേദ്കർ അസദുദ്ദീൻ ഉവൈസി കൂട്ടുകെട്ട് പല മണ്ഡലങ്ങളിലും പ്രതിപക്ഷ വോട്ടുകളെയാണ് ഭിന്നിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തരമൊരു സാഹചര്യം അടുത്ത തിരഞ്ഞെടുപ്പിൽ ഉണ്ടാവില്ലന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. അതിന്റെ പ്രധാന കാരണം ഒവൈസിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതു തന്നെയാണ്. ബീഹാർ, യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിൽ നിർണ്ണായക പങ്കാണ് ഒവൈസിയുടെ പാർട്ടി വഹിച്ചിരുന്നത്. ആ പരിപ്പ് ഇനി മറാത്ത മണ്ണിൽ ചിലവാകില്ലന്നാണ് എൻ.സി.പിയും കോൺഗ്രസ്സും പറയുന്നത്.

കേവലം 6 സീറ്റുകളിൽ ഒതുങ്ങിയ യു.പി.എ അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ ശിവസേനയുമായി ധാരണയുണ്ടാക്കുമോ എന്ന ചോദ്യവും ഈ ഘട്ടത്തിൽ പ്രസക്തമാണ്. മതനിരപേക്ഷ പാർട്ടികൾക്കും ഉൾക്കൊള്ളാൻ പറ്റാവുന്ന രൂപത്തിലേക്ക് ശിവസേനയുടെ മുഖം ഇപ്പോൾ മാറിയിട്ടുണ്ട്. അത്തരമൊരു സഖ്യം ശിവസേന വോട്ട് ബാങ്കിനെ ബാധിക്കില്ലന്ന് ഉറപ്പാക്കിയാൽ മാത്രമേ ഉദ്ധവ് താക്കറെ തിരഞ്ഞെടുപ്പ് സഖ്യത്തിന് പച്ചക്കൊടി കാട്ടുകയൊള്ളു. പരസ്പരമുള്ള ധാരണയാണ് മറ്റൊരു സാധ്യത. ഇതിനാണ് രാഷ്ട്രീയ നിരീക്ഷകരും ഏറെ സാധ്യത കൽപ്പിക്കുന്നത്. 25 സീറ്റിൽ ശിവസേന മറ്റു സീറ്റുകളിൽ യു.പി.എ കക്ഷികളുമായി ഒരു ധാരണ എന്ന നിലയിലേക്ക് കാര്യങ്ങൾ പോയാൽ ബി.ജെ.പിയാണ് ശരിക്കും വെള്ളംകുടിക്കുക. കേന്ദ്രത്തിൽ മൂന്നാം ഊഴം പ്രതീക്ഷിക്കുന്ന ബി.ജെ.പിക്ക്, മഹാരാഷ്ട്രയിലെ വിജയം ഏറെ പ്രധാനമാണ്. ശിവസേന വിമതർക്ക് ജനകീയ സ്വാധീനം കുറവായതിനാൽ 2019-ൽ ശിവസേനക്ക് നൽകിയ സീറ്റുകൾ വിട്ടു നൽകാനും ബി.ജെ.പി തയ്യാറാകാൻ ഇടയില്ല. ഇതും വരാനിരിക്കുന്ന മറ്റൊരു പ്രതിസന്ധിയാണ്. രാജ് താക്കറെ വിഭാഗം വിമതർക്കൊപ്പം ഉണ്ടെങ്കിലും അതു കൊണ്ടൊന്നും ശിവസേനയുടെ അടിത്തറ ഇളക്കാൻ കഴിയുകയില്ല. ഒരു കേഡർ സ്വഭാവം ശിവസേനക്കുള്ളതിനാൽ ആ പാർട്ടിക്കൊപ്പമാണ് അണികളിൽ ഭൂരിപക്ഷവും നിലയുറപ്പിച്ചിരിക്കുന്നത്. അവരെ സംബന്ധിച്ച് പാർട്ടി തന്നെയാണ് പ്രധാനം. വിമതർ പോയതിനാൽ അവസരം ലഭിക്കുമെന്നതിനാൽ സേനയിലെ രണ്ടാം നിരയിലെ നേതാക്കളും ഇപ്പോൾ വലിയ പ്രതീക്ഷയിലാണ്. ഉദ്ധവിന് പിന്തുണ അറിയിക്കുന്ന തിരക്കിലാണ് ഇവരെല്ലാമുള്ളത്. അടിത്തട്ടിലും ഈ ആവേശം ഇപ്പോൾ ദൃശ്യമാണ്.

അതേ സമയം, വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയ ബി.ജെ.പി വലിയ വിട്ടുവീഴ്ചയാണ് നിലവിൽ ചെയ്തിരിക്കുന്നത്. ഭാവിയിലെ രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ് ഈ വിട്ടുവീഴ്ചയെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏക്‌നാഥ് ഷിൻഡെക്കു നൽകിയതിൽ ബി.ജെ.പിയിൽ തന്നെ കടുത്ത അതൃപ്തിയുണ്ട്. അമിത് ഷാക്കെതിരെയാണ് പ്രതിഷേധം വ്യാപകമായിരിക്കുന്നത്. എം.എൽ.എമാരിൽ ഭൂരിപക്ഷത്തെയും അടർത്തിയെടുത്തു പോലെ ശിവസേന അണികളെ സ്വാധീനിക്കാൻ വിമതർക്ക് കഴിയില്ലന്നാണ് ബി.ജെ.പിയിലെ അതൃപ്തർ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പദം കൊടുത്തത് ശരിയായില്ലന്നതാണ് വാദം.

“2019ൽ അമിത്ഷാ ശിവസേനക്കു തന്ന വാക്കുപാലിക്കാൻ തയ്യാറായിരുന്നെങ്കിൽ ഇപ്പോൾ മഹാരാഷ്ട്ര, ബിജെപി മുഖ്യമന്ത്രി ഭരിക്കുമായിരുന്നു” എന്ന് ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെയും, ബി.ജെ.പിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.”ബിജെപി – സേന സംഖ്യം തെരെഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യ രണ്ടരവർഷം ശിവസേനയും അടുത്ത രണ്ടരവർഷം ബിജെപിയും മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നായിരുന്നു” അമിത് ഷാ നൽകിയ വാഗ്ദാനമെന്നാണ് ഉദ്ധവ് താക്കറെ പറയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബിജെപി അതിന് തയ്യാറാകാതിരുന്നതു കൊണ്ടാണ് മഹാവികാസ് അഘാഡി സർക്കാർ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സർക്കാർ വീണിട്ടും ഒരു ഘട്ടത്തിലും സഖ്യത്തിലെ എൻ.സി.പിയെയും കോൺഗ്രസ്സിനെയും കുറ്റപ്പെടുത്താൻ ശിവസേന നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഈ സഖ്യ സർക്കാറിലുള്ള എതിർപ്പല്ല, മറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടുള്ള ഭയമാണ് വിമതരെ, ബി.ജെ.പി പാളയത്തിൽ എത്തിച്ചതെന്നതാണ് ശിവസേനയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയാണ് അവർ പ്രചരണവും നടത്തുന്നത്. അധികാര മോഹികൾ പോയതിനാൽ പാർട്ടി ശുദ്ധീകരിക്കപ്പെട്ടു എന്നതാണ് ശിവസേനയുടെ വാദം.ഈ നിലപാട് മുൻ നിർത്തി തന്നെ ഇനി വരുന്ന തിരഞ്ഞെടുപ്പുകളെയും നേരിടാനാണ് നീക്കം.

താക്കറെ കുടുംബത്തോട് മറാത്ത മണ്ണിനുള്ള അടുപ്പം സഹതാപ തരംഗമായി പടർന്നാൽ ബി.ജെ.പിയുടെ കണക്കുകൂട്ടലാണ് മഹാരാഷ്ട്രയിൽ തെറ്റുക. അത് ലോകസഭ തിരഞ്ഞെടുപ്പിൽ മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും. അവസരവാദികളെ ഒപ്പം കൂട്ടി സർക്കാറുണ്ടാക്കി എന്ന ചീത്തപ്പേര് ഇപ്പോൾ തന്നെ ബി.ജെ.പിക്കുണ്ട്. ഇതിനെതിരെ ജനങ്ങൾക്കിടയിലും ശക്തമായ പ്രതിഷേധമുണ്ട്. ശിവസേനയിലെ പിളർപ്പ് സ്വാഭാവികമായി ഉണ്ടായതാണെന്ന വാദമൊന്നും ആരും തന്നെ വിശ്വസിച്ചിട്ടില്ല. ഇനിയൊട്ടു വിശ്വസിക്കാനും പോകുന്നില്ല. ഒറ്റയ്ക്ക് മത്സരിച്ചാൽ നിഷ്പ്രയാസം മഹാരാഷ്ട്ര പിടിക്കാൻ കഴിയുമായിരുന്ന അവസരമാണ് അധികാര കൊതിയിൽ ബി.ജെ.പി നേതൃത്വം തന്നെ ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത്. ‘ചതിക്കപ്പെട്ടവന്റെ’ ഇമേജ് ഉദ്ധവ് താക്കറെയ്ക്ക് ഉണ്ടാക്കി കൊടുത്തിരിക്കുന്നതും ബി.ജെ.പിയാണ്. ശിവസേന വിമതർക്ക് ജനസ്വാധീനം ആർജിക്കാൻ കൂടി കഴിഞ്ഞില്ലങ്കിൽ, മറാത്ത മണ്ണിലെ താമരയുടെ സ്വപ്നങ്ങൾകൂടിയാണ് തകരുക. ചതിക്കപ്പെട്ടവന് ലഭിക്കുന്ന ആനുകുല്യം തിരഞ്ഞെടുപ്പിൽ ശിവസേനക്കു ലഭിച്ചാൽ പഴയ പ്രതാപകാലത്തേക്കുള്ള തിരിച്ചു പോക്കായിരിക്കും അത്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ വിമത ശിവസേനയിലും പിളർപ്പിനുള്ള സാധ്യത ഏറെയാണ്. അതു തന്നെയാണ് ഇപ്പോൾ ഉദ്ധവ് വിഭാഗവും ആഗ്രഹിക്കുന്നത്….

EXPRESS KERALA VIEW

Top