കോവിഡ് ഭീതിയില്‍ മഹാരാഷ്ട്ര; സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍

മുംബൈ: രോഗവ്യാപനം അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുമ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നേരിടുന്നത് കടുത്ത വെല്ലുവുളിയാണ്. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 40,000 കവിഞ്ഞിരിക്കുകയാണ്. ഈ അതീവ ഗുരുതര സാഹചര്യത്തെ നേരിടാന്‍ തയാറെടുക്കുകായണ് സംസ്ഥാനം. ഇതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളിലെ 80% കിടക്കകളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 31 വരെ ഈ കിടക്കകള്‍ സര്‍ക്കാരിന്റെ കൈവശമായിരിക്കും.

ഇതുപ്രകാരം സ്വകാര്യ ആശുപത്രിയിലെ കിടക്കകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് സര്‍ക്കാരിനു തീരുമാനിക്കാവുന്നതാണ്. മാത്രമല്ല, ഇവിടുത്തെ ചികിത്സയുടെ ചെലവും രോഗികള്‍ക്ക് പരമാവധി എത്ര രൂപയുടെ ബില്‍ നല്‍കാനാകുമെന്നതും സര്‍ക്കാരാണ് തീരുമാനിക്കുക. ബാക്കി 20% കിടക്കകളില്‍ എത്ര രൂപ ബില്‍ ചെയ്യണമെന്നത് ആശുപത്രികള്‍ക്കു തീരുമാനിക്കാവുന്നതാണ്. എന്നാല്‍ ഐസലേഷനും വാര്‍ഡുമുള്‍പ്പെടെ പരമാവധി 4000 രൂപ മാത്രമേ ബില്‍ നല്‍കാനാകൂ. വെന്റിലേറ്റര്‍ ഉപയോഗിക്കാതെ ഐസിയുവില്‍ കഴിഞ്ഞാല്‍ ദിവസവും 7,500 രൂപയും വെന്റിലേറ്റര്‍ ഉപയോഗിച്ച് ഐസിയുവില്‍ കഴിഞ്ഞാല്‍ ദിവസം 9000 രൂപയും ആശുപത്രികള്‍ക്ക് ഈടാക്കാവുന്നതാണ്. അര്‍ബുദ ചികിത്സ ഉള്‍പ്പെടെയുള്ള 270 വിവിധ ചികിത്സാ രീതികള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള തുകയും നിശ്ചയിച്ചിട്ടുണ്ട്.

ഇന്നലെ മാത്രം 2345 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 40,000 കടന്നിരിക്കുന്നത്. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 25,000 കടക്കുകയും ചെയ്തു.

Top