വധശിക്ഷയ്ക്കു വിധിച്ച ആറു പേരെ കോടതി വെറുതേവിട്ടു; പുനരന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി: പത്തുവര്‍ഷം മുമ്പ് വധശിക്ഷയ്ക്കു വിധിച്ച ആറു പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടു. അഞ്ചുകൊലപാതകവും രണ്ടു ബലാത്സംഗവും നടത്തിയ കേസിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 16 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ വിധിച്ച സുപ്രീംകോടതി, വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ആറുപ്രതികള്‍ക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബലാത്സംഗത്തിനിരയായ സ്ത്രീ മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. ഒരു ഫോട്ടോയില്‍ നിന്ന് നാലു പ്രതികളെ സ്ത്രീ തിരിച്ചറിഞ്ഞെങ്കിലും അവരാരും ഈ കേസില്‍ വിചാരണ നേരിട്ടവരായിരുന്നില്ല. കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടത് നാടോടികളായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ ഇതില്‍ തുടരന്വേഷണം വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ആറു പ്രതികളില്‍ അഞ്ചു പേരും 16 വര്‍ഷമായി ജയിലില്‍ കിടക്കുകയാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രതികളില്‍ ഒരാളെ, പ്രായപൂര്‍ത്തിയായിട്ടില്ലെന്നു തിരിച്ചറിഞ്ഞ് പിന്നീട് ജയിലില്‍ നിന്നു മാറ്റിയിരുന്നു.

Top