മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന മുന്നണിയെ തകര്‍ത്ത് അധികാരത്തിലെത്തും ; ശരദ് പവാര്‍

sarath-pawar

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാറിനെതിരായ ജനവികാരമാണുളളതെന്നും പുല്‍വാമ പോലുള്ള ആക്രമണമുണ്ടായാല്‍ മാത്രമേ ജനവികാരം മാറി മറിയുകയുള്ളൂവെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ജനവികാരമായിരുന്നു രാജ്യത്ത് മുഴുവന്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുല്‍വാമയിലെ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരായ ആക്രമണം ജനവികാരം മാറ്റിമറിച്ചു. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ, മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ എത്തൂ എന്നും അദ്ദേഹം അറിയിച്ചു.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന മുന്നണിയെ തകര്‍ത്ത് എന്‍സിപി അധികാരത്തിലെത്തുമെന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കാലാവസ്ഥ എന്‍സിപിക്ക് അനുകൂലമാണെന്നും പവാര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ജനത അസന്തുഷ്ടരാണെന്ന പ്രചാരണം തെറ്റാണെന്നും രാഷ്ട്രീയ ലാഭത്തിനായി തെറ്റായ പ്രചാരണം നടത്തുകയാണെന്നും ശരദ് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാക്കിസ്ഥാനെ നിരന്തരം പഴിച്ച് ഇന്ത്യയില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം അറിയാതെ വികാരം ഇളക്കിവിടുകയാണ്. ഇന്ത്യക്കാരെ സഹോദരങ്ങളായാണ് പാക്കിസ്ഥാനികള്‍ കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

Top