അധികാരമേറ്റതിന് പിന്നാലെ ഉദ്ധവ് പണി തുടങ്ങി; റദ്ദാക്കിയത് ബിജെപിയുടെ 321 കോടിയുടെ കരാര്‍

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ ഉദ്ധവ് താക്കറെ പണി തുടങ്ങി. ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ തിരുത്തല്‍ നടത്തിയാണ് ഉദ്ധവിന്റെ ആദ്യ നടപടി. മഹാരാഷ്ട്ര ടൂറിസം വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര പ്രദര്‍ശനത്തിന്റെ സംഘാടന ചുമതലയുടെ കരാറാണ് ഉദ്ധവ് ചുമതലയേറ്റ ദിവസം റദ്ദാക്കിയത്.

അഹമ്മദാബാദ് ആസ്ഥാനമായുള്ള ലല്ലൂജി ആന്‍ഡ് സണ്‍സ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് 2017 ഡിസംബര്‍ 26ന് ടൂറിസം വികസന കോര്‍പറേഷന്‍ നല്‍കിയ 321 കോടിയുടെ കരാറാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ നവംബര്‍ 28ന് റദ്ദാക്കിയത്. നന്ദുര്‍ബാറില്‍ സംഘടിപ്പിക്കുന്ന സരംഗ്ഖേദ ചേതക് ഉത്സവത്തിന്റെ നടത്തിപ്പിനാണ് കരാര്‍ നല്‍കിയത്.

നേരത്തെ കുംഭമേള, റാന്‍ ഉത്സവം എന്നിവയുടെ സംഘാടന കരാര്‍ മുമ്പ് ലഭിച്ച കമ്പനിയാണ് ലല്ലൂജി ആന്‍ഡ് സണ്‍സ്. ഉദ്ധവ് മുഖ്യമന്ത്രിയായി അധികാരമേറ്റ ദിവസം ചീഫ് സെക്രട്ടറി അജോയ് മെഹ്തത്തയുടെ ഉത്തരവിനെ തുടര്‍ന്ന് ടൂറിസം വികസന കോര്‍പറേഷന്‍ കരാര്‍ റദ്ദാക്കിയത്.കരാറിന് പിന്നില്‍ നിന്ന് വന്‍ അഴിമതിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

Top