ഒമിക്രോണ്‍; രോഗികള്‍ ഇനിയും ഉയര്‍ന്നാല്‍ സ്‌കൂളുകള്‍ വീണ്ടും അടച്ചിടുമെന്ന് മഹാരാഷ്ട്ര മന്ത്രി

മുംബൈ: ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വിലയിരുത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു

നിലവില്‍ ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ മഹാരാഷ്ട്രയില്‍ 65 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ യഥാക്രമം മുംബൈ (30), പിംപ്രി-ചിഞ്ച്വാഡ് (12), പുനെ (10) എന്നിവയാണ്. മുംബൈയിലെ സ്‌കൂളുകള്‍ ഡിസംബര്‍ 15നും പുനെ മേഖലയിലെ സ്‌കൂളുകള്‍ 16നുമാണ് തുറന്നത്.

അതേസമയം, മഹാരാഷ്ട്ര ബോര്‍ഡ് നടത്തുന്ന എസ്.എസ്.സി, എച്ച്.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 18 വരെ പരീക്ഷകള്‍ നടത്താനാണ് അധികൃതര്‍ തീരുമാനിച്ചത്. ഒമിക്രോണ്‍ കേസ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓഫ് ലൈനായി പരീക്ഷ നടത്തുന്നതിലുള്ള ആശങ്കകള്‍ വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. പരീക്ഷകള്‍ മാറ്റിവെക്കാനോ ഓണ്‍ലൈനായി നടത്താനോ ആണിവര്‍ ആവശ്യപ്പെടുന്നത്.

Top