സ്‌കൂളുകളില്‍ ഭരണഘടനയുടെ ആമുഖം വായിക്കണം; 26 മുതല്‍ പ്രാബല്യത്തില്‍

മുംബൈ: വ്യത്യസ്ത ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സ്‌കൂളുകളില്‍ അസംബ്ലിക്കിടെ ഭരണഘടനയുടെ ആമുഖം വായിക്കണം. ജനുവരി 26 മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ചും അതില്‍ നിക്ഷിപ്തമായിരിക്കുന്ന കാര്യങ്ങള്‍ എന്താണെന്നതിനെ കുറിച്ചും കുട്ടികള്‍ അറിഞ്ഞിരിക്കണം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വര്‍ഷ ഗയ്ക്വാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ മുഖവിലക്കെടുത്താണ് ഭരണഘടനയിലെ ഉള്ളടക്കങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് ബോധം ഉണ്ടാകണമെന്ന് സര്‍ക്കാര്‍ പറയുന്നത്. പൗരത്വ നിയമത്തിനെതിരെ പല കോണുകളിലും പ്രതിഷേധം നടക്കുമ്പോള്‍ ഭരണഘടന എന്താണെന്ന് പോലും അറിയാത്ത പലരും ഭരണഘടനക്കെതിരെ വാദിക്കുന്നുണ്ട്, ഈ അവസ്ഥ ഭാവി തലമുറക്ക് ഉണ്ടാകരുത്. അതിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ ശ്രമം.

അതേസമയം, മഹാ വികാസ് അഘാഡി സര്‍ക്കാരിലെ പ്രധാന സഖ്യകക്ഷിയായ ശിവസേന ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസ് – എന്‍സിപി സര്‍ക്കാര്‍ 2013ല്‍ പുറത്തിറക്കിയ ഉത്തരവാണിത്. ഇതാണ് ഇപ്പോള്‍ ജനുവരി 26 റിപ്പബ്ലിക്ക് ദിനം മുതല്‍ വീണ്ടും പ്രാവര്‍ത്തികമാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വിശദമാക്കി.

Top