Maharashtra revenue minister Eknath Khadse resigns: Reports

മുംബൈ: വിവിധ ആരോപണങ്ങളുടെ കുരുക്കില്‍പ്പെട്ട മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏകനാഥ് ഖഡ്‌സെ രാജിവെച്ചു.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ടെലിഫോണ്‍ സംഭാഷണവിവാദത്തിന് പിറകെ സ്വത്തിടപാടുമായി ബന്ധപ്പെട്ട തെളിവുകളും പുറത്തുവന്നതോടെയാണ് ഖഡ്‌സെക്ക് മുന്നില്‍ മറ്റ് പോംവഴികളില്ലാതായത്.

ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.

ദാവൂദ് ഇബ്രാഹിമുമായി ഫോണില്‍ പലതവണ ബന്ധം പുലര്‍ത്തിയതാണ് സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവു കൂടിയായ ഏകനാഥ് ഗഡ്‌സെയെ പ്രതിക്കൂട്ടിലാക്കിയ ഏറ്റവും വലിയ ആരോപണം.

വിദ്യാഭ്യാസ സ്ഥാപനത്തിന് സ്ഥലം അനുവദിക്കാന്‍ ഖഡ്‌സെയുടെ സഹായി 30 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് അറസ്റ്റിലായതും പുണെയില്‍ വ്യവസായ മേഖലയിലെ ഭൂമി ഭാര്യയുടെയും മരുകന്റെയും പേരില്‍ കുറഞ്ഞ വിലക്ക് വാങ്ങിയതും ഇതിനിടെ പുറത്തുവന്നു.

ഖഡ്‌സെയെ പുറത്താക്കാണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നതിനൊപ്പം ഭരണപങ്കാളിയായ ശിവസേനയും രാജി ആവശ്യം ഉന്നയിച്ചതോടെയാണ് രാജി അനിവാര്യമായത്.

ആരോപണങ്ങള്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി. ശിവസേന സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ച സാഹചര്യത്തില്‍ ഖഡ്‌സെയെ മന്ത്രിസഭയില്‍നിന്ന് മാറ്റുന്നതാണ് ഉചിതമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചു.

എന്നാല്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ഖഡ്‌സെയെ പിന്തുണച്ച് രംഗത്തുവന്നെങ്കിലും രാജിയിലേക്ക് തന്നെ ഒടുവില്‍ കാര്യങ്ങളെത്തുകയായിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അതൃപ്തി അറിയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിച്ച ഖഡ്‌സെ അഴിമതി ആരോപണത്തിന്റെ നിഴലിലായത് ബി.ജെ.പിയെ അടിക്കാനുള്ള വടിയാക്കി ശിവസേന മാറ്റുകയും ചെയ്തു.

Top