മഹരാഷ്ട്രയിലെ ചതിക്ക് മറുമരുന്ന് . . . കോൺഗ്രസ്സിനെ പിളർത്താൻ ബി.ജെ.പി

രാജ്യം ഏറ്റവും അധികം കാലം കുത്തകയാക്കി വച്ച കോണ്‍ഗ്രസ്സില്‍ വീണ്ടുമിപ്പോള്‍ ഉയരുന്നത് കലാപക്കൊടി. മഹാരാഷ്ട്രയില്‍ തീവ്ര ഹിന്ദുത്വ പാര്‍ട്ടിയെ മാറോട് ചേര്‍ത്ത കോണ്‍ഗ്രസ്സിന് സ്വന്തം പാളയത്തില്‍ തന്നെയാണ് വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്.

ശിവസേനയുമായി കൂട്ട് കൂടി സര്‍ക്കാര്‍ ഉണ്ടാക്കിയതിനെതിരെ കേരള നേതാക്കള്‍ വലിയ കലിപ്പിലാണ്. ഇനി എന്ത് പറഞ്ഞ് ന്യൂനപക്ഷങ്ങളെ പിടിച്ച് നിര്‍ത്തുമെന്ന ഭയമാണ് ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും അലട്ടുന്നത്. ഈ ഭയം ഘടക കക്ഷിയായ മുസ്ലീം ലീഗിലും പ്രകടമാണ്. കോണ്‍ഗ്രസ്സ് നിലപാടില്‍ ഏറെ വെട്ടിലായിരിക്കുന്നതും ലീഗ് തന്നെയാണ്.

സി.പി.എം എം.എല്‍.എ വിനോദ് നിക്കോളെ ഉദ്ധവ് സര്‍ക്കാറിനെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനത്തെ യു.ഡി.എഫ് നേതാക്കള്‍. അങ്ങനെ ആയിരുന്നെങ്കില്‍ കേരളത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ വിനോദ് നിക്കോളെ സത്യ പ്രതിജ്ഞ ചടങ്ങില്‍ നിന്നും വിട്ടു നിന്നതോടെ ആ സ്വപ്നവും തകര്‍ന്നടിയുകയായിരുന്നു.

ഇനി യു.ഡി.എഫിന്റെ ഏക കച്ചിത്തുരുമ്പ് ശിവസേന സര്‍ക്കാറിലെ പ്രധാനിയായ എന്‍.സി.പി കേരളത്തില്‍ ഇടതിന്റെ ഘടക കക്ഷിയാണെന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണിപ്പോള്‍ പ്രതിപക്ഷത്തിന്റെ പ്രതിരോധങ്ങള്‍.

എന്‍.സി.പിയുടെ കാര്യത്തില്‍ സി.പി.എം കടുത്ത നിലപാട് സ്വീകരിച്ചില്ലങ്കില്‍ ചുവപ്പിന് ആ പാര്‍ട്ടി തന്നെ ‘കുരിശായി’മാറാനാണ് സാധ്യത.
തീവ്രഹിന്ദുത്വ പ്രത്യായ ശാസ്ത്രത്തിലൂന്നിയ ശിവസേനയുടെ ജനനം തന്നെ ചുവപ്പിനെതിരായിരുന്നു. ട്രേഡ് യൂണിയന്‍ സംഘടനകളെ തകര്‍ക്കുന്നതിനു വേണ്ടിയാണ് മറാത്ത വാദവുമായി ശിവസേന രൂപം കൊണ്ടിരുന്നത്. 1960 കളില്‍ പഴയ ബോംബെ നഗരത്തെ അടക്കി ഭരിച്ചിരുന്നത് ചെമ്പടയായിരുന്നു. സിഐടിയുവിന്റേയും എഐടിയുസിയുടേയും നിയന്ത്രണത്തിലായിരുന്നു അക്കാലത്ത് ഈ മഹാ നഗരം.

ഈ സംഘടനകളെ ചെറുക്കുന്നതിനായി 1967ല്‍ ശിവസേന രൂപീകരിക്കാന്‍ എസ്.കെ പാട്ടീലും വി പി നായിക്കും ബാല്‍ താക്കറെയെ സഹായിച്ചതായി മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് തന്നെ ഇപ്പോള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

മുന്‍ മുംബൈ മേയറാണ് എസ്.കെ പാട്ടീല്‍, വി.പി നായിക് ആകട്ടെ 1963 മുതല്‍ 75 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്നു. ഈ രണ്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ശിവസേനയുടെ ഉദയത്തില്‍ പങ്കുണ്ടെന്ന് കോണ്‍ഗ്രസ്സ് തുറന്ന് പറയുന്നത് ഇതാദ്യമായാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ അമ്പരിപ്പിച്ച പ്രതികരണമാണ് ജയറാം രമേശ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

1980 ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അബ്ദുള്‍ റഹ്മാന്‍ ആന്തുലയെ പിന്തുണച്ച ആദ്യ വ്യക്തി ബാല്‍ താക്കറെ ആയിരുന്നെന്നും ഇതിനു ശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിഭാ പാട്ടിലിനെ ശിവസേന പിന്തുണച്ച കാര്യവും ജയറാം രമേശ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുന്‍ കേന്ദ്രമന്ത്രിയുടെ ഈ ന്യായീകരണത്തില്‍ കോണ്‍ഗ്രസ്സില്‍ തന്നെ ഭിന്നത രൂക്ഷമായിട്ടുണ്ട്.ഇവിടെയും വെട്ടിലായത് കേരളത്തിലെ കോണ്‍ഗ്രസ്സും ലീഗുമാണ്.

സാമ്പത്തികമായി ആകെ തകര്‍ന്നടിഞ്ഞതാണ് മഹാരാഷ്ട്ര ഭരണത്തില്‍ പങ്കാളിയാവാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനം ഉള്‍പ്പെടുന്ന സംസ്ഥാനം കയ്യില്‍ വേണമെന്ന് സോണിയയെ ഉപദേശിച്ചത് അഹമ്മദ് പട്ടേലാണ്. മരുമകന്‍ റോബര്‍ട്ട് വദ്രയും ഉടക്കി നിന്ന സോണിയയെ അനുനയിപ്പിക്കാന്‍ രംഗത്തുണ്ടായിരുന്നു. ഇതോടെയാണ് എ.കെ ആന്റണിയും കെ.സി.വേണുഗോപാലുമെല്ലാം പത്തി മടക്കിയത്.

അതേസമയം മഹാരാഷ്ട്ര ഭരണം കൈവിട്ട് പോയതിന് മധുരമായ പ്രതികാരമാണ് ബി.ജെ.പി നിലവില്‍ ലക്ഷ്യമിടുന്നത്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കോണ്‍ഗ്രസ്സ് സര്‍ക്കാറുകളെ അട്ടിമറിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി രാഹുല്‍ ഗാന്ധിയുടെ വലംകൈ ആയ ജ്യോതിരാദിത്യ സിന്ധ്യയെയാണ് ബി.ജെ.പി നോട്ടമിട്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജ സിന്ധ്യയുടെ സഹോദര പുത്രന്‍ കൂടിയാണ് ജോതിരാദിത്യ സിന്ധ്യ. ഗ്വാളിയാര്‍ രാജ കുടുംബാംഗങ്ങളാണ് ഇരുവരും.

തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന പരാമര്‍ശം ജോതിരാദിത്യ അടുത്തയിടെ ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ മാറ്റമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥുമായുള്ള ഭിന്നതയാണ് ജോതിരാദിത്യയെ കാവിയോട് അടുപ്പിച്ചിരിക്കുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെയും ജോതിരാദിത്യ മുമ്പ് പരസ്യമായി അഭിനന്ദിച്ചിരുന്നു. മോദിയുടെയും അമിത് ഷായുടെയും കട്ടൗട്ടുകള്‍ക്കൊപ്പം ജോതിരാദിത്യയുടെ ഫോട്ടോ കൂടി വച്ചാണ് ഈ പരാമര്‍ശത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ എതിരേറ്റിരുന്നത്. ആദ്യം ജോതിരാദിത്യയെയും പിന്നീട് സച്ചിന്‍ പൈലറ്റിനെയും കാവി പുതക്കാനാണ് സംഘ പരിവാര്‍ ശ്രമം.ഇതോടെ കോണ്‍ഗ്രസ്സില്‍ നിന്നും മധ്യപ്രദേശ്, രാജസ്ഥാന്‍ ഭരണം പോകുമെന്നും ബി.ജെ.പി കണക്ക് കൂട്ടുന്നുണ്ട്.

കോണ്‍ഗ്രസ്സിന്റെ ഈ ഭാവി തലമുറ നേതാക്കളെ അടര്‍ത്തിമാറ്റുന്നതില്‍ ബി.ജെ.പി വിജയിച്ചാല്‍ അത് ദേശീയ തലത്തില്‍ തന്നെ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ജനാര്‍ദന്‍ ദ്വിവേദി ആര്‍.എസ്.എസ് തലവനൊപ്പം വേദി പങ്കിട്ടത് കോണ്‍ഗ്രസ്സ് നേതൃത്വത്തെ വീണ്ടും ഞെട്ടിച്ചിട്ടുണ്ട്.

ആര്‍എസ്എസ് നേതാവ് സാധ്വി ഋതംബര, സ്പീക്കര്‍ ഓംബിര്‍ള, കേന്ദ്രമന്ത്രി സ്മൃതിഇറാനി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരും ദ്വിവേദിക്കൊപ്പം വേദിയിലുണ്ടായിരുന്നു. ആര്‍എസ്എസിന്റെ ‘ഗീതാ പ്രേരണ്‍ മഹോത്സവം’ പരിപാടിയിലാണ് ആര്‍എസ്എസിനോടുള്ള ആഭിമുഖ്യം എഐസിസി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ജനാര്‍ദന്‍ ദ്വിവേദി വെളിപ്പെടുത്തിയത്.

ഇന്ദിര ഗാന്ധിയുടെ കാലംമുതല്‍ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ സജീവമായിരുന്ന ജനാര്‍ദന്‍ ദ്വിവേദി സോണിയ ഗാന്ധിയുടെയും വിശ്വസ്തനായിരുന്നു. എഐസിസി പ്രവര്‍ത്തകസമിതി അംഗമായിരുന്ന ദ്വിവേദി 2011ല്‍ സോണിയ ചികിത്സയ്ക്കായി വിദേശത്ത് പോയ അവസരത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ചുമതലപ്പെടുത്തിയ നാലംഗ സമിതിയിലും അംഗമായിരുന്നു. രാഹുല്‍ അധ്യക്ഷപദവിയില്‍ എത്തിയതോടെ നേതൃനിരയില്‍നിന്ന് തഴയപ്പെട്ട ദ്വിവേദി പിന്നീട്ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ സ്വീകരിച്ചുതുടങ്ങുകയായിരുന്നു. കശ്മീര്‍ വിഷയത്തിലും മോഡിയെ ശക്തമായാണ് ദ്വിവേദി പിന്തുണച്ചിരുന്നത്.

മഹാരാഷ്ട്ര ഭരണം കൈവിട്ട് പോയതിന് കോണ്‍ഗ്രസ്സിനെ തളര്‍ത്തി പകരം വീട്ടാനാണ് ബി.ജെ.പി അണിയറയില്‍ ശ്രമിക്കുന്നത്. എന്‍.സി.പിയെ പിളര്‍ത്താനും ബി.ജെ.പി ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുറിവേറ്റ സിംഹമായി തിരിച്ചെത്തിയ അജിത് പവാര്‍ തന്നെ എന്‍.സി.പിയെ ശരിയാക്കി കൊള്ളുമെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്.

മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ഭരണപക്ഷത്തേക്കുള്ള ‘പാല’ മാണ് ഇപ്പോഴും അജിത് പവാര്‍. ശിവസേന സര്‍ക്കാറിന്റെ പ്രതികാര നടപടി ചെറുക്കാന്‍ അജിത് പവാര്‍ തന്നെയാവും ബി.ജെ.പിയുടെ ‘പരിച’എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. മൂന്ന് വ്യത്യസ്ത ആശയങ്ങളുള്ള പാര്‍ട്ടികള്‍ ഒത്ത് ചേര്‍ന്ന സര്‍ക്കാര്‍ എത്ര നാള്‍ മുന്നോട്ട് പോകുമെന്നതാണ് ഇനി കണ്ടറിയേണ്ടിയിരിക്കുന്നത്. അവസരം ലഭിച്ചാല്‍ സര്‍ക്കാറിനെ മറിച്ചിടാന്‍ ശ്രമിക്കുമെന്ന സൂചന തന്നെയാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ ഇപ്പോഴും നല്‍കുന്നത്.

Political Reporter

Top