മറാത്ത മണ്ണിലും മാറാത്ത നിലപാടുകൾ, ശിവസേന പിന്തുണയിലും കടുപ്പിച്ച് സി.പി.എം !

രു സീറ്റേ ഒള്ളൂവെങ്കിലും ഉറച്ച നിലപാടാണ് മഹാരാഷ്ട്രയുടെ കാര്യത്തിലും സി.പി.എമ്മിനുള്ളത്. അതാകട്ടെ കാവി രാഷ്ട്രീയത്തിന് എതിരുമാണ്. ശിവസേന സര്‍ക്കാറിന് മാത്രമല്ല ശിവസേന പിന്തുണയ്ക്കുന്ന സര്‍ക്കാരിനേയും പിന്തുണയ്ക്കില്ലന്ന് തന്നെയാണ് സി.പി.എം കേന്ദ്ര നേതാക്കള്‍ നല്‍കുന്ന സൂചന.

ഇതു സംബന്ധമായി സി.പി.എം പിന്തുണയ്ക്കുമെന്ന തരത്തിൽ പുറത്ത് വരുന്ന വാർത്തകൾ വസ്തുതക്ക് നിരക്കാത്തതാണെന്നും സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്.

ഒരേ തൂവല്‍ പക്ഷികളാണ് ശിവസേനയും ബി.ജെ.പിയുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇപ്പോഴും ഇല്ലന്നതാണ് സി.പി.എം നിലപാട്. ബി.ജെ.പിയെ പരാജയപ്പെടുത്തി ദഹാനു മണ്ഡലത്തില്‍ നിന്നും വിജയിച്ച വിനോദ് നികോളെ ഭിവ ആണ് സി.പി.എമ്മിന്റെ ഏക എം.എല്‍.എ.

4,742 വോട്ടുകള്‍ക്കാണ് ബിജെപിയുടെ സിറ്റിങ് എംഎല്‍എ പാസ്‌കല്‍ ദനാരെയെ വിനോദ് നികോളെ തോല്‍പ്പിച്ചത്. വിനോദ് നികോളെയ്ക്ക് 72,068 വോട്ടും പാസ്‌കല്‍ ദനാരെയ്ക്ക് 67326 വോട്ടുകളുമാണ് ലഭിച്ചിരുന്നത്.

ഇവിടെ 1978 ലും 2009 ലും സിപിഎം വിജയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദഹാനുവില്‍ സിപിഐ എമ്മിന്റെ മംഗത് വന്‍ശ 28,149 വോട്ടുനേടി ബിജെപിക്ക് പിന്നില്‍ രണ്ടാമതായി. ഇക്കുറി നാല്‍പ്പത്തയ്യായിരത്തോളം വോട്ടുകള്‍ വര്‍ധിപ്പിച്ചാണ് സിപിഎം സീറ്റ് തിരിച്ചുപിടിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ എട്ട് സീറ്റില്‍ മാത്രമാണ് സിപിഎം മത്സരിച്ചിരുന്നത്. സിറ്റിങ് സീറ്റായിരുന്ന കല്‍വാന്‍ സിപിഎമ്മിന് കൈവിട്ടുപോയത് എന്‍.സി.പി ചതിച്ചതുകൊണ്ട് മാത്രമാണ്. ഇവിടെ ഒറ്റയ്ക്ക് മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി ജെ.പി ഗാവിറ്റിന് 80,072 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു. വിജയിച്ച എന്‍.സി.പി-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിധിന്‍ പവാറിന് കിട്ടിയതാകട്ടെ 86,474 വോട്ടുകളാണ്. ഈ മണ്ഡലത്തില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിന് ലഭിച്ചത് 22,990 വോട്ടുകള്‍ മാത്രമാണ്. നാസിക്ക് വെസ്റ്റില്‍ സിപിഎം സ്ഥാനാര്‍ഥി ഡി എല്‍ കരാഡ് 22,407 വോട്ടും സോലാപ്പുര്‍ സെന്‍ട്രലില്‍ സിപിഎം സ്ഥാനാര്‍ഥി ആദം നരസയ്യ 10,485 വോട്ടും നേടുകയുണ്ടായി.

സി.പി.എം കേരളത്തില്‍ കാണിച്ച പരിഗണനയുടെ ഒരു ചെറിയ അംശമെങ്കിലും എന്‍.സി.പി തിരിച്ച് കാട്ടിയിരുന്നെങ്കില്‍ കൂടുതല്‍ സീറ്റ് നേടാന്‍ സി.പി.എമ്മിന് കഴിയുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്‍.സി.പിയുടെ അധികാര കൊതിയാണ് ധാരണ പൊളിയാന്‍ കാരണമായിരുന്നത്. ഇതേ കൊതി തന്നെയാണ് ഇപ്പോള്‍ ശിവസേനക്ക് പിന്നാലെ പോവാനും എന്‍.സി.പിയെ പ്രേരിപ്പിച്ചിരിക്കുന്നത്. പിന്‍സീറ്റ് ഡ്രൈവിങ്ങാണ് പവാര്‍ ഇത്തവണ ലക്ഷ്യമിടുന്നത്.

പ്രത്യേയ ശാസ്ത്രപരമായി വിലയിരുത്തിയാല്‍ ശിവസേനയുടെയും ബി.ജെ.പിയുടെയും ആശയംതന്നെ ഒന്നാണ്. തീവ്ര ഹിന്ദുത്വത്തിലൂന്നിയ രാഷ്ട്രീയമാണത്. ബാബറി മസ്ജിദ് പൊളിക്കുമ്പോള്‍ അതില്‍ ആനന്ദ നൃത്തമാടിയവരാണ് ശിവസൈനികര്‍.

സംഘപരിവാര്‍ സംഘടനകളല്ല, മസ്ജിദ് തങ്ങളാണ് പൊളിച്ചതെന്ന് അവകാശപ്പെടാന്‍പോലും ശിവസേന നേതൃത്വം തയ്യാറായിരുന്നു. വിഷം തുപ്പുന്ന ശിവസേന നേതാക്കളുടെ പ്രസംഗം കോണ്‍ഗ്രസ്സ് മറന്നാലും രാജ്യം മറക്കുകയില്ല.

ഈ യാഥാര്‍ത്ഥ്യം മുന്‍ നിര്‍ത്തി തന്നെയാണ് സി.പി.എം ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുന്നത്. എം.എല്‍.എമാരുടെ അംഗ സംഖ്യയേക്കാള്‍ സി.പി.എം നിലപാടാണ് ഇവിടെ തല ഉയര്‍ത്തി പിടിച്ചുനില്‍ക്കുന്നത്.

തീവ്ര മറാത്തവാദവും ഹിന്ദുത്വ വാദവും പ്രത്യോയ ശാസ്ത്രമാക്കിയവരെ പിന്തുണയ്ക്കണമെന്ന എന്‍.സി.പിയുടെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

സെക്യുലര്‍ പാര്‍ട്ടി എന്ന പരിവേഷത്തിന്‍ മേലാണ് ഇവിടെ കരിനിഴല്‍ പടര്‍ന്നിരിക്കുന്നത്. എന്‍.സി.പി, ശിവസേന സര്‍ക്കാറിന് പിന്തുണ നല്‍കും മുന്‍പ് തന്നെ ആ പാര്‍ട്ടിയെ മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ ഇടതുപക്ഷം തയ്യാറാകണം.

മഹാരാഷ്ട്രയില്‍ കാവിയെ പുല്‍കുന്ന കൈകള്‍ കേരളത്തില്‍ ചുവപ്പിനെ പുല്‍കുന്നത് ധൃതരാഷ്ട്രാലിംഗനമായാണ് മാറുക. അതു കൊണ്ട് പിണറായി മന്ത്രിസഭയിലെ എന്‍.സി.പി അംഗം എ.കെ ശശീന്ദ്രന് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.

എന്‍.സി.പിയുടെ കാര്യത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് സി.പി.എം നേതൃത്വവും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഒരു നിലപാടും നിലവാരവും ഇല്ലാത്ത പാര്‍ട്ടിയാണ് എന്‍.സി.പിയെന്നാണ് വീണ്ടും വീണ്ടും അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഒരു ഡസന്‍ എന്‍.സി.പി – കോണ്‍ഗ്രസ്സ് എം.എല്‍.എമാരാണ് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കാവിയണിഞ്ഞിരുന്നത്. ബി.ജെ.പി മാത്രമല്ല, ശിവസേനയും ഈ പ്രതിപക്ഷ എം.എല്‍.എമാരെ അടര്‍ത്തിയെടുത്തിട്ടുണ്ട്. ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല, എത്ര പ്രതിപക്ഷ എം.എല്‍.എമാര്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്നത് കണ്ടുതന്നെ അറിയണം.

ശിവസേനയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളാണ് എന്‍.സി.പിയിലും കോണ്‍ഗ്രസ്സിലും നിലവില്‍ നടന്നിരുന്നത്. സോണിയ ഗാന്ധി പിന്നോട്ടടിച്ചതാണ് ശിവസേനയ്ക്ക് തിരിച്ചടിയായിരുന്നത്, സര്‍ക്കാരുണ്ടാക്കാന്‍ സമയം നീട്ടിനല്‍കില്ലന്ന് ഗവര്‍ണറും നിലപാടെടുത്തതോടെ സേനയുടെ സകല പ്രതീക്ഷയും തകരുകയായിരുന്നു. ഇതോടെയാണ് എന്‍.സി.പിയെ പിന്തുണയ്ക്കാമെന്ന നിലപാടിലേയ്ക്കിപ്പോള്‍ ശിവസേന മാറാന്‍ കാരണം.

മറാത്ത വാദം ഉയര്‍ത്തുന്ന ശിവസേനയുടെ ഒരു ബി.ടീം എന്ന രൂപത്തിലേക്കാണ് എന്‍.സി.പി ഇപ്പോള്‍ മാറിയിരിക്കുന്നത്. എന്‍.സി.പി-കോണ്‍ഗ്രസ്സ് സഖ്യത്തെ പിന്തുണച്ച ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്.

അധികാരത്തിന്റെ നിഴല്‍ പറ്റാതെ ജീവിക്കാന്‍ പറ്റില്ലന്ന ബോധമാണ് കോണ്‍ഗ്രസ്സിലെയും എന്‍.സി.പിയിലെയും പ്രബല വിഭാഗത്തെ നയിക്കുന്നത്. അതിന് പ്രത്യേയശാസ്ത്ര പരമായ വിയോജിപ്പുകളൊന്നും ഇരു പാര്‍ട്ടികള്‍ക്കും തടസ്സമല്ല. ഈ ആര്‍ത്തി തന്നെയാണ് ഇവരെ ഭരണത്തില്‍ നിന്നും പുറത്താക്കാനും മുന്‍പ് വഴിവച്ചിരുന്നത്. ഒന്ന് ആഞ്ഞ് പിടിച്ചിരുന്നെങ്കില്‍ ഇത്തവണ പ്രതിപക്ഷത്തിന് ഭരണം പിടിക്കാന്‍ കഴിയുമായിരുന്ന സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര.

കോണ്‍ഗ്രസ്സ് ,എന്‍.സി.പി എം.എല്‍.എമാരും നേതാക്കളും കുട്ടത്തോടെ കാവിയണിഞ്ഞതാണ് തിരിച്ചടിയായത്. എന്നിട്ടും പ്രതിപക്ഷത്തിന് മോശമല്ലാത്ത പിന്തുണയാണ് ജനങ്ങള്‍ നല്‍കിയിരുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സിനും എന്‍.സി.പിക്കുമെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നത്. ഈ പിന്തുണയെയാണിപ്പോള്‍ തെറ്റായ രൂപത്തില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

എന്‍.സി.പിയും കോണ്‍ഗ്രസും ശിവസേനയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. സ്വന്തം കുഴി തോണ്ടുന്ന ഏര്‍പ്പാടുതന്നെയാണിത്.

ശിവസേനയും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് എന്ന് ഇനിയും തിരിച്ചറിഞ്ഞില്ലങ്കില്‍ വിനാശകാലേ വിപരീത ബുദ്ധി എന്നു മാത്രമേ പറയാനൊള്ളു.

Political Reporter

Top