മഹാ’രാഷ്ട്രീയം’; മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന്, ഉപമുഖ്യമന്ത്രിയുടെ കാര്യത്തിലും തീരുമാനം

ന്യൂഡല്‍ഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ത്രികക്ഷി സര്‍ക്കാരിന് ഏകദേശ രൂപമായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. നിലവില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണ്. ഇത്ര നാളും മുഖ്യമന്ത്രി പദത്തിന് വേണ്ടി ശിവസേനയും എന്‍സിപിയും കടിപിടി കൂടിയിരുന്നെങ്കില്‍ ഇപ്പോള്‍ എന്‍സിപി വിട്ടുവീഴ്ചക്ക് തയ്യാറായതായാണ് അറിയുന്നത്.

ധാരണ അനുസരിച്ച് അഞ്ച് വര്‍ഷവും മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്ക് തന്നെയായിരിക്കും. എന്‍സിപിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനങ്ങളാകും ഉണ്ടാകുകയെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിവസേനയ്ക്കും എന്‍സിപിക്കും 14 വീതം മന്ത്രിസ്ഥാനങ്ങളും കോണ്‍ഗ്രസിന് 12 മന്ത്രിമാരും അടങ്ങുന്ന കാബിനറ്റിനാണ് ഏകദേശ ധാരണയായിരിക്കുന്നത്. മന്ത്രിസ്ഥാനങ്ങള്‍ തുല്യമായി വീതിക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ലെന്നാണ് സൂചന. സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിനെന്നാണ് ധാരണ.

കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്റെ അധ്യക്ഷതയിലുള്ള സമിതി യോഗം ചേര്‍ന്നാണ് സര്‍ക്കാരിന്റെ മുന്‍ഗണന വിഷയങ്ങളുടെ കരടിന് രൂപംനല്‍കിയത്. പൊതുമിനിമം പരിപാടി ഇനി മൂന്നുപാര്‍ട്ടികളുടെയും അധ്യക്ഷര്‍ക്ക് കൈമാറും. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍, വിള ഇന്‍ഷുറന്‍സ്, വരള്‍ച്ചാ ദുരിതാശ്വാസം എന്നിവയെല്ലാം പൊതുമിനിമം പരിപാടിയുടെ ഭാഗമാകും. സര്‍ക്കാരിന് ഗ്രാമീണമുഖം നല്‍കുക എന്നതാണ് ലക്ഷ്യം. ഗ്രാമീണമേഖലയിലെ ജനങ്ങളുടെ അതൃപ്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് തിരിച്ചടിയായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊതുമിനിമം പരിപാടി തയ്യാറാക്കുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

കര്‍ഷകരുടെ ദുരിതങ്ങള്‍ അകറ്റുന്നതിനോടൊപ്പം യുവാക്കളുടെയിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും കര്‍മപദ്ധതി തയ്യാറാക്കിയേക്കും. ബി.ജെ.പി.ഇതരസര്‍ക്കാര്‍ രൂപവത്കരണത്തിന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറേ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനുപിന്നാലെയാണ് സോണിയയുമായുള്ള പവാറിന്റെ കൂടിക്കാഴ്ച നിശ്ചയിച്ചത്.

അതേസമയം ബി.ജെ.പി നേതാക്കള്‍ എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലുമായിട്ടാണ് ചര്‍ച്ചനടത്തുന്നതെന്നാണ് സൂചനകള്‍. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ വരുമെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബി.ജെ.പി എംഎല്‍എമാരോട് കഴിഞ്ഞദിവസവും ആവര്‍ത്തിച്ചിരുന്നു.

Top