മഹാരാഷ്ട്രയിൽ സ്ഥിതി സങ്കീർണ്ണം, ശിവസേനയും വിമതരും സംഘടിക്കുന്നു

റാത്ത മണ്ണിലെ കടുവകളായാണ് ശിവസൈനികർ അറിയപ്പെടുന്നത് അവരുടെ ‘ശൗര്യമാകട്ടെ’ പലപ്പോഴും ഈ രാജ്യം കണ്ടിട്ടുള്ളതുമാണ്. നിരവധി കലാപങ്ങളിലും ആക്രമണങ്ങളിലും  ഇപ്പോഴും പ്രതിക്കൂട്ടിൽ നിൽക്കുന്ന പാർട്ടിയാണ് ശിവസേന.

ശിവസേനയുടെ രൂപീകരണത്തിന് ശേഷം  ബാൽ താക്കറേ പറഞ്ഞിരുന്നത് അതൊരു രാഷ്ട്രീയപാര്‍ട്ടി അല്ലെന്നും  പകരം മറാത്തികള്‍ക്ക് വേണ്ടി പോരാടാനുള്ള സൈന്യമാണ്‌ എന്നതുമാണ്.പലകാരണങ്ങള്‍ കൊണ്ടും ശിവസേനയാണ് ബിജെപിയുടെ മുന്‍ഗാമികള്‍. ഹിന്ദുത്വയിലൂന്നിയുള്ള രാഷ്ട്രീയവും  അതിനെ മാത്രം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകളുടെയും ആദ്യ ഉറവിടം  ശിവസേനയുടെ നിലപാടുകളും രാഷ്ട്രീയവും തന്നെയാണ്. ഹിന്ദു ‘ഐഡന്റിറ്റി’ രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്ന  ശിവസേന തന്നെയാണ് ബിജെപിയുടെ രാഷ്ട്രീയ മുന്‍ഗാമികള്‍.

2006-ലാണ് ബാൽ താക്കറെയുടെ മകൻ ഉദ്ധവ് താക്കറേയും രാജ് താക്കറെയും രണ്ടായി പിരിയുന്നത്. ബാൽ താക്കറെയുടെ പിൻഗാമിയാകും എന്ന് കരുതപ്പെട്ടിരുന്നത് രാജ് താക്കറെയെ ആയിരുന്നു എങ്കിലും  സംഭവിച്ചത് മറ്റൊന്നാണ്. ബാൽ താക്കറെയുടെ മരണശേഷ  ഉദ്ധവ് താക്കറെയാണ് പാർട്ടി ചുമതല ഏറ്റെടുത്തിരുന്നത്.പിന്നീട് രണ്ടുപേരും  രണ്ടു നേതൃത്വവുമായി അവരുടെ പാര്‍ട്ടി വളര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പാർലമെന്ററി രാഷ്ട്രീയത്തിൽ ഇറങ്ങാത്ത താക്കറെ കുടുംബത്തിന്റെ കീഴ് വഴക്കം ഉദ്ധവ് താക്കറെ തെറ്റിച്ചതും സമീപകാല ചരിത്രമാണ്. കോൺഗ്രസ്സുമായും എൻ.സി.പിയുമായും കൂട്ട് ചേർന്ന് മന്ത്രിസഭയുണ്ടാക്കാനും  അദ്ദേഹം തയ്യാറായി. ബി.ജെ.പിയുടെ സകല കണക്കു കൂട്ടലുകളും തെറ്റിച്ച നീക്കമായിരുന്നു അത്. ശിവസേനയുടെ തണലിൽ മഹാരാഷ്ട്രയിൽ നിന്നിരുന്ന ബി.ജെ.പി  ശിവസേനയേക്കാൾ വളർന്നപ്പോൾ ഉണ്ടായ അധികാര തർക്കമാണ്  മഹാ സഖ്യത്തിലേക്ക് പോകാൻ  ഉദ്ധവിനെ പ്രേരിപ്പിച്ചിരുന്നത്. അന്നു തുടങ്ങിയ പകയാണിപ്പോൾ ബി.ജെ.പിയും വീട്ടാൻ ശ്രമിക്കുന്നത്. 2019-ൽ, എൻ.സി.പിയെ പിളർത്തി നടത്തിയ നീക്കം പാളിയതിനാൽ ഇത്തവണ തന്ത്രപൂർവ്വമാണ് ബി.ജെ.പി നേതൃത്വം കരുക്കൾ നീക്കിയിരിക്കുന്നത്. ശിവസേനയിലെ പിളർപ്പും അതിന്റെ ഭാഗമാണ്. കോൺഗ്രസ്സ് – എൻ.സി.പി പാർട്ടികൾ സഖ്യത്തിൽ ചേർന്നതോടെ പല്ലു കൊഴിഞ്ഞ കടുവയുടെ അവസ്ഥയിലായിരുന്നു നിലവിൽ ശിവസേന.

ഇത് ആ പാർട്ടിയിലെ അണികളിലും നേതാക്കളിലും  കടുത്ത അതൃപ്തിക്കാണ് കാരണമായിരുന്നത്. അതു തന്നെയാണ് ബി.ജെ.പിയും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ശിവസേന തീവ്ര നിലപാടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏകനാഥ് ഷിൻഡെ വിഭാഗം വിമത ശിവസൈനികർ.ശിവസേന ബാലാസാഹബ് എന്ന പേരിലാണ് ഭൂരിപക്ഷ ശിവസേന എം എൽ എമാരെയും ഏകനാഥ് ഷിൻഡെ സംഘടിപ്പിച്ചിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യത നോട്ടീസിനെതിരെ അവർ സുപ്രീം കോടതിയെയും സമീപിച്ചിട്ടുമുണ്ട്. തങ്ങൾക്കാണ് പാർട്ടിയിൽ ഭൂരിപക്ഷമെന്നാണ് ഷിൻഡെ പക്ഷം വാദിക്കുന്നത്. ഈ സാഹചര്യത്തിൽ അയോഗ്യതാ നോട്ടീസിന് സാധുത നൽകരുത് എന്നും ഷിൻഡെ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉള്ളതിനാൽ പുതിയ പാർട്ടി രൂപീകരിക്കുകയോ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ ചെയ്താലും തങ്ങളെ അയോഗ്യരാക്കാൻ കഴിയില്ലെന്നാണ് ഷിൻഡെ പക്ഷത്തിന്റെ വാദം. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ കൂറുമാറ്റ നിരോധന നിയമ പ്രകാരം ഏതൊരു സാമാജിക സംഘത്തിനും പാർട്ടിയുടെ ആകെ സാമാജികരുടെ എണ്ണത്തിന്റെ  മൂന്നിൽ രണ്ട് ഭാഗത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുകയോ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ ചെയ്യാവുന്നതാണെന്നും വിമതപക്ഷം അവകാശപ്പെടുന്നുണ്ട്.

ഇതോടെയാണ് ഉദ്ധവ് വിഭാഗം ശിവസേനയും പ്രകോപിതരായിരിക്കുന്നത്. അവർ വ്യാപകമായാണ് വിമത എം.എൽ.എമാരുടെ ഓഫീസുകളിൽ ഉൾപ്പെടെ ആക്രമണം നടത്തിയിരിക്കുന്നത്. വിമത എം.എൽ.എമാരുടെ കുടുംബാംഗങ്ങളെ സമ്മർദ്ദത്തിലാക്കി വരുതിയിൽ കൊണ്ടുവരാനുള്ള നീക്കവും അണിയറയിൽ തകൃതിയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സുരക്ഷാ സേനയുടെ സംരക്ഷണം വിമത എം.എൽ.എമാർക്ക് കേന്ദ്ര സർക്കാർ ഇടപെട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഗുവാഹതിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുള്ള വിമത എം.എൽ.എമാർ തിരിച്ച് മുംബൈയിൽ ലാൻഡ് ചെയ്താൽ കേന്ദ്ര സേനയാണ് ഇനി സുരക്ഷ ഒരുക്കുക. ഇതിനു പുറമെ  രാജ് താക്കറെയെ ഒപ്പം നിർത്താനും വിമത വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. ഏക്‌നാഥ് ഷിൻഡെ  ഉദ്ധവിന്റെ അർദ്ധസഹോദരനും മഹാരാഷ്‌ട്ര നവനിർമാൺ സേനയുടെ തലവനുമായ  രാജ് താക്കറെയുമായി  നിരവധി തവണയാണ് ചർച്ച നടത്തിയിരിക്കുന്നത്. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയെക്കുറിച്ച് ആയിരുന്നു ചർച്ചയെന്ന് എം.എൻ.എസ് നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്. വിമത എം.എൽ.എമാരേക്കാൾ ഉദ്ധവ് താക്കറെ ഭയപ്പെടുന്നത് ഈ സഖ്യ നീക്കത്തിലാണ്. വിമത വിഭാഗത്തോടൊപ്പം  രാജ് താക്കറെ കൂടി ചേർന്നാൽ അതൊരു സംഘടിത ശക്തിയാകുമെന്നതാണ് ഉദ്ധവിന്റെ ഭയം. ശിവസേനയുടെ ഇപ്പോഴത്തെ പോക്കിൽ കടുത്ത അതൃപ്തിയുള്ള രാജ് താക്കറെ  ശിവസേന വിമതരുമായി സഹകരിക്കണമെന്നതാണ് ബി.ജെ.പിയും ആഗ്രഹിക്കുന്നത്.

“ബോംബ് സ്‌ഫോടനങ്ങളിലൂടെ നിരപരാധികളായ മുംബൈക്കാരെ കൊന്ന  ദാവൂദ് ഇബ്രാഹിമുമായി ബന്ധമുളളവരെ പിന്തുണയ്‌ക്കാൻ എങ്ങനെയാണ് ബാൽ താക്കറെയുടെ പാർട്ടിക്ക് കഴിയുന്നതെന്ന” വിമതരുടെ ചോദ്യം തന്നെയാണ് രാജ് താക്കറെയും ഉയർത്തുന്നത്. ഹിന്ദുത്വം എന്ന ആശയത്തിന് വേണ്ടി മരിക്കേണ്ടി വന്നാലും, അത് ദൈവകൽപിതമായി കരുതുമെന്നാണ് ഷിൻഡെ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.പഴയ തീവ്ര ഹിന്ദുത്വവാദത്തിലേക്ക് മടങ്ങാൻ ശിവസേന നേതൃത്വത്തെ നിർബന്ധിതമാക്കുന്ന നിലപാടുകളാണിത്. അങ്ങനെ സംഭവിച്ചാൽ വെട്ടിലാകുക കോൺഗ്രസ്സും എൻ.സി.പിയുമാണ്. പല്ലു പോയ ‘കടുവ’യുമായാണ് കൂട്ടു കൂടിയതെന്ന ഇവരുടെ വാദമാണ് പൊളിച്ചടുക്കപ്പെടുക.

അതേസമയം കോൺഗ്രസ്സിന്റെയും എൻ.സി.പിയുടെയും  മതനിരപേക്ഷ നിലപാടുകളും അതോടെ  കൂടുതൽ ശക്തമായി ചോദ്യം ചെയ്യപ്പെടും. വിമത ശിവസൈനികരെയും രാജ് താക്കറെ അടങ്ങുന്ന വിഭാഗത്തെയും എൻ.ഡി.എയിൽ എടുത്ത്  മഹാരാഷ്ട്ര ഭരണം പിടിക്കാനാണ് ബി.ജെ.പി നീക്കം നടത്തുന്നത്. അഥവാ പൊതു തിരഞ്ഞെടുപ്പ് അനിവാര്യമായാൽ  വിമത ശിവസൈനികർ മത്സരിച്ച മണ്ഡലങ്ങൾ  അവർക്കു തന്നെ മത്സരിക്കാൻ നൽകാമെന്ന വാഗ്ദാനവും ബി.ജെ.പി നൽകിയിട്ടുണ്ട്.

പൊതു തിരഞ്ഞെടുപ്പ് വന്നാൽ, ശിവസേനയുമായി സഖ്യമായി മത്സരിക്കുക എന്നത് കോൺഗ്രസ്സ് – എൻ.സി.പി പാർട്ടികൾക്കാണ് ഏറ്റവും കൂടുതൽ വെല്ലുവിളിയാകുക. ശിവസേനയുടെ ആശയം തിരഞ്ഞെടുപ്പിൽ ചർച്ചയായാൽ കോൺഗ്രസ്സ് – എൻ.സി.പി വിഭാഗത്തിന്റെ സെക്യുലർ വോട്ടുകളെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. ശിവസേനയ്ക്കും ഇക്കാര്യത്തിൽ പരിമിതികൾ ഉണ്ട്. പ്രത്യേകിച്ച് വിമതർ പാർട്ടി വിട്ട സാഹചര്യത്തിൽ “മിതവാദം’ പറഞ്ഞാൽ ശിവസേനയുടെ വോട്ട് ബാങ്കിലും അത് വിള്ളലുണ്ടാക്കും. ഇത്തരമൊരു സഖ്യത്തെ ശിവസൈനികർക്ക് ഉൾക്കൊള്ളാനും പ്രയാസമാണ്. പ്രത്യോയ ശാസ്ത്രപരമായ വിയോജിപ്പാണത്. കൂടാതെ സീറ്റ് വിഭജനവും വലിയ തർക്കത്തിനാണ് ഇടയാക്കുക.

നിലവിൽ  മഹാരാഷ്‌ട്ര നിയമസഭയിൽ ശിവസേനയ്‌ക്ക് 55 എംഎൽഎമാരാണ് ഉളളത്. ഇതിൽ ഭൂരിപക്ഷവും ഇപ്പോൾ വിമത പക്ഷത്താണ് ഉള്ളത്. എൻസിപി 53, കോൺഗ്രസ് 44 എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ അംഗസംഖ്യ. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി 106 എംഎൽഎമാരുളള ബിജെപിയാണ്. പുതിയ സർക്കാർ അതല്ലങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പ്  എന്നതാണ് ബി.ജെ.പി നേതൃത്വം ലക്ഷ്യമിടുന്നത്.
മറാത്ത മണ്ണ് ഇങ്ങനെ കൂടുതൽ സംഘർഷഭരിതമാകുന്ന സാഹചര്യത്തിലേക്ക് പോകുമ്പോൾ ജനങ്ങളും ആകെ ആശങ്കയിലാണുള്ളത്. പഴയ കാലത്തേക്ക് മഹാനഗരം മടങ്ങുമോ എന്നതാണ് പരക്കെയുള്ള ആശങ്ക. ചോര ഒഴുകിയ നഗരത്തിന് പറയാനുള്ളത് ഭയപ്പെടുത്തുന്ന കഥകളാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഏതെങ്കിലും വിഭാഗം ‘സാഹസത്തിനു’ മുതിർന്നാൽ അത് രാജ്യത്തെ വ്യവസായ നഗരത്തെ തന്നെയാണ് നിശ്ചലമാക്കുക. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നതു മാത്രമാണ് ഈ ഘട്ടത്തിൽ പറയാനുള്ളത്.

EXPRESS KERALA VIEW

Top