കോൺഗ്രസ്സ് – എൻ.സി.പി പാർട്ടികളെ ഇനി ആർക്കും വിശ്വസിക്കാൻ കഴിയില്ല ! !

രിത്രമെഴുതിയ നിരവധി പോരാട്ടങ്ങളുടെ മണ്ണാണ് മറാത്ത മണ്ണ്.കാവി രാഷ്ട്രീയത്തിന് വളക്കൂറുള്ള ഈ മണ്ണില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത് കൊടും വഞ്ചനയുടെ കഥകളാണ്. ബി.ജെ.പിയും ശിവസേനയും മാത്രമല്ല കോണ്‍ഗ്രസ്സും എന്‍.സി.പിയുമെല്ലാം ഈ രാഷ്ട്രീയ വഞ്ചനയില്‍ വില്ലന്‍മാരാണ്.

മുഖ്യമന്ത്രി പദം പങ്കിടാമെന്ന് പറഞ്ഞ് ബി.ജെ.പി പറ്റിച്ചതായി ആരോപിച്ച് ആദ്യം വഞ്ചനയുടെ കഥ പറഞ്ഞത് ശിവസേനയാണ്. ജനഹിതത്തിനെതിരായ നിലപാടാണ് ശിവസേന സ്വീകരിക്കുന്നതെന്ന് പറഞ്ഞ് ബി.ജെ.പി തിരിച്ചടിച്ചതും വഞ്ചന ആരോപിച്ചാണ്.

ഈ അവസരം മുതലെടുത്ത് ശിവസേനയുമായി കൂട്ട് കൂടാന്‍ രംഗത്തിറങ്ങിയ എന്‍.സി.പിയും വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗവും സെക്യുലര്‍ നിലപാട് മറന്ന് ശിവസേനയെ പുണരാന്‍ മത്സരിയ്ക്കുകയുണ്ടായി.

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കള്‍ ഇല്ലന്നത് മാത്രമല്ല, നിലപാടുകളും ഇല്ലന്ന സൂചനയാണ് മഹാരാഷ്ട്ര ഇപ്പോള്‍ രാജ്യത്തിന് നല്‍കിയിരിക്കുന്നത്.അധികാരം ലഭിക്കാന്‍ ആരുമായി കൂട്ടുകൂടാനും ആദര്‍ശങ്ങള്‍ പണയം വയ്ക്കാനും ഈ പാര്‍ട്ടികളെല്ലാം തന്നെ തയ്യാറാണ്.

ഉദ്ധവ് താക്കറെ കാവി മാറ്റി വെള്ള വസ്ത്രം ധരിച്ചാല്‍ മാറുന്നതല്ല ശിവസേനയുടെ രാഷ്ട്രീയം. തീവ്ര ഹിന്ദുത്വത്തിലും മറാത്ത വാദത്തിലും അധിഷ്ടിതമായ പ്രത്യോയ ശാസ്ത്രമാണത്.

കേന്ദ്ര അധികാരം ഉപയോഗിച്ച് രാമക്ഷേത്രം പണിയാതിരുന്നത് കഴിവ് കേടാണെന്ന് മുന്‍പ് തുറന്നടിച്ച നേതാവാണ് ഉദ്ധവ് താക്കറെ. ബാബറി മസ്ജിദ് തകര്‍ത്തത് അഭിമാനമായി കാണുകയും അതിന്റെ ക്രഡിറ്റ് ഏറ്റെടുക്കുകയും ചെയ്ത പാര്‍ട്ടി കൂടിയാണ് ശിവസേന.

സെക്യുലര്‍ പാര്‍ട്ടികളായി അറിയപ്പെടുന്ന എന്‍.സി.പിയും കോണ്‍ഗ്രസ്സും സ്വന്തം അടിത്തറ തോണ്ടുന്ന സമീപനമാണ് മഹാരാഷ്ട്രയില്‍ സ്വീകരിച്ചിരിക്കുന്നത്.

ബി.ജെ.പിയുടെ രാഷ്ട്രീയത്തെ ആശയപരമായാണ് നേരിടേണ്ടത്.അതല്ലാതെ സ്ഥാനമോഹികളെ കൂട്ട് പിടിച്ചാകരുത്.

ബി.ജെ.പിയുടെ ഏതെങ്കിലും നയങ്ങളോടുള്ള പ്രതിഷേധമല്ല ശിവസേനയുടെ നിലപാടിന് കാരണം. അധികാരനോടുള്ള അടങ്ങാത്ത മോഹമാണ് അവരെ മുന്നണി വിടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. കേവലം ഒരു മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനായി സ്വീകരിച്ച ഈ വാശി നല്ല സന്ദേശമല്ല സമൂഹത്തിന് നല്‍കുന്നത്. ഇക്കാര്യം കോണ്‍ഗ്രസ്സ് – എന്‍.സി.പി നേതാക്കള്‍ മനസ്സിലാക്കണമായിരുന്നു. പ്രതിപക്ഷത്തിന് ജനങ്ങള്‍ നല്‍കിയ വോട്ട് കാവി രാഷ്ട്രീയത്തിന് എതിരായിട്ടുള്ളതാണ്. അത് മറന്ന് ശിവസേനയെ പുല്‍കിയാല്‍ സ്വയം നാശമായിരിക്കും അനുഭവിക്കേണ്ടി വരിക.

അധികാരത്തെ തന്നെ ‘പ്രത്യോയശാസ്ത്രമായി’ കാണുന്നവരാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍. ഇതേ പാതയില്‍ ‘പവര്‍’ പൊളിറ്റിക്സ് കളിക്കുന്ന നേതാവാണ് എന്‍.സി.പി നേതാവ് ശരദ് പവാര്‍. ഇരു പാര്‍ട്ടികളുടെയും നിലപാടുകളും ഒന്നു തന്നെയാകുന്നതും സ്വാഭാവികമാണ്.

മോദി ഒന്നു പുകഴ്ത്തിയതോടെ ‘കളം’ മാറ്റി ചവിട്ടുന്ന മാനസികാവസ്ഥയില്‍ എത്തിയിരിക്കുകയാണിപ്പോള്‍ പവാര്‍. 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന ശിവസേനയുടെ പ്രതികരണത്തിന് തണുപ്പന്‍ മട്ടിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അതായത് ശിവസേനക്കല്ലങ്കില്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കാം എന്ന അവസ്ഥയിലേക്ക് എന്‍.സി.പി മാറിയെന്ന് വ്യക്തം.ബി.ജെ.പി 105, ശിവസേന 56, എന്‍.സി.പി 54, കോണ്‍ഗ്രസ്സ് 44 എന്നിങ്ങനെയാണ് മഹാരാഷ്ട്രയിലെ നിലവിലെ കക്ഷിനില.

സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളിയായില്ലങ്കില്‍ കോണ്‍ഗ്രസ്സ് എം.എല്‍.എമാരിലും പിളര്‍പ്പ് ഉറപ്പാണ്. രാഷ്ട്രപതി ഭരണത്തിന്‍ കീഴില്‍ മഹാരാഷ്ട്ര മുന്നോട്ട് പോകുന്നതില്‍ കടുത്ത ആശങ്കയാണ് ഇരു പാര്‍ട്ടി എം.എല്‍.എമാര്‍ക്കിടയിലും നിലവിലുള്ളത്. ഈ അവസരം മുതലെടുക്കാന്‍ ബി.ജെ.പിയും ഇപ്പോള്‍ വലയുമായി ഇറങ്ങിയിട്ടുണ്ട്. എത്ര ഖദര്‍ ധാരികള്‍ ഈ വലയില്‍ കുടുങ്ങുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.

രാജ്യത്തെ വ്യാവസായിക തലസ്ഥാനം ഉള്‍പ്പെടുന്ന സംസ്ഥാനമായതിനാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഈ നാടിന്റെ ഭരണത്തില്‍ പ്രത്യേക കണ്ണു തന്നെയുണ്ട്.

ശിവസേന ഇത്ര പ്രകോപനം ഉണ്ടാക്കിയിട്ടും ആ പാര്‍ട്ടിയെ തള്ളി പറയാന്‍ ബി.ജെ.പി തയ്യാറാകാത്തതും പ്രതീക്ഷ ഇനിയും അവശേഷിക്കുന്നത് കൊണ്ടു മാത്രമാണ്. എന്‍.സി.പിയെ മോദി പുകഴ്ത്തിയതും മഹാരാഷ്ട ഭരണം കൈവിട്ട് പോകാതിരിക്കുന്നതിന് വേണ്ടിയാണ്.

‘ആശയങ്ങള്‍’ ആഗ്രഹത്തിന് വഴിമാറിയ മറാത്ത മണ്ണില്‍ ഏത് രാഷ്ട്രീയ ‘കളം മാറ്റത്തിനും’ നിലവില്‍ സാധ്യതയേറെയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് എം.എല്‍.എമാരില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

ഒറ്റക്ക് മത്സരിച്ചാല്‍ ബി.ജെ.പി നേട്ടം കൊയ്യാനുള്ള സാധ്യതയും നിലവിലുണ്ട്. ഇതിനുള്ള അവസരം അവര്‍ക്ക് ഉണ്ടാക്കിയതാകട്ടെ പ്രതിപക്ഷമാണ്. ശിവസേനക്കൊപ്പം കോണ്‍ഗ്രസ്സും എന്‍.സി.പിയും അടവുകള്‍ പയറ്റിയത് ജനങ്ങളില്‍ അവമതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗത്തില്‍ അതൃപ്തി രൂക്ഷമാണ്. സ്വന്തം വോട്ട് ബാങ്കിലാണ് കോണ്‍ഗ്രസ്സും എന്‍.സി.പിയും ഇപ്പോള്‍ ‘കത്തി’ വച്ചിരിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് അനിവാര്യമായാല്‍ ശിവസേനക്കും എന്‍.സി.പി – കോണ്‍ഗ്രസ്സ് സഖ്യത്തിനും ഇനി വെവ്വേറെ മത്സരിക്കേണ്ടി വരും.ഇതും ഫലത്തില്‍ ബി.ജെ.പിക്കാണ് നേട്ടമുണ്ടാക്കുക.

ശിവസേനയെ പിന്തുണയ്ക്കാതെ മര്യാദയ്ക്ക് പ്രതിപക്ഷത്തിരുന്നിരുന്നെങ്കില്‍ എന്‍.സി.പി- കോണ്‍ഗ്രസ്സ് സഖ്യത്തിന് സാധ്യത ഏറെയായിരുന്നു.

പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ മുന്‍ നിര നേതാക്കള്‍ കൂട്ടത്തോടെ കാവിയണിഞ്ഞിട്ടും 98 സീറ്റ് നേടാന്‍ ഇത്തവണ ഈ സഖ്യത്തിന് കഴിഞ്ഞിരുന്നു. യു.പി.എ നേതൃത്വത്തെ പോലും അമ്പരിപ്പിച്ച മുന്നേറ്റമായിരുന്നു അത്.

ബി.ജെ.പിയും ശിവസേനയും പരസ്പരം മത്സരിക്കുന്ന അവസ്ഥയുണ്ടായാല്‍ അതിന്റെ നേട്ടവും പ്രതിപക്ഷത്തിനാകുമായിരുന്നു. ഇക്കാര്യം മുന്‍ നിര്‍ത്തി ‘അജണ്ട’ സെറ്റ് ചെയ്യുന്നതിലാണ് കോണ്‍ഗ്രസ്സും എന്‍.സി.പിയും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്.

ഇനി തിരഞ്ഞെടുപ്പ് വന്നാലും ആദര്‍ശം പറഞ്ഞ് ശിവസേനയ്ക്കും കോണ്‍ഗ്രസിനും എന്‍സിപിക്കും വോട്ട് വാങ്ങാന്‍ കഴിയുകയില്ല. അണിയറയില്‍ നടന്ന അധികാര തര്‍ക്കങ്ങളെല്ലാം ജനങ്ങള്‍ക്കിപ്പോള്‍ പകല്‍ പോലെ വ്യക്തമായി കഴിഞ്ഞു.

ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായ ബി.ജെ.പിക്കും ശിവസേനക്കും ഒപ്പം തന്നെയാണ് എന്‍.സി.പിയുടെയും കോണ്‍ഗ്രസ്സിന്റെയും നിലവിലെ സ്ഥാനം.

രാഷ്ട്രീയ നേതൃത്വത്തേക്കാള്‍ തന്ത്രശാലികളാണ് വോട്ടര്‍മാര്‍ എന്ന കാര്യമാണ് യു.പി.എ നേതൃത്വം ഇവിടെ മറന്ന് പോയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിച്ചാല്‍ അത് കോണ്‍ഗ്രസ്സിനാണ് വലിയ തിരിച്ചടിയാവുക.

Political Reporter

Top