മഹാരാഷ്ട്രയിലെ നാടകീയ നീക്കങ്ങളില്‍ ഞെട്ടി എന്‍സിപി കേരള ഘടകം

തിരുവന്തപുരം: ഒറ്റ രാത്രികൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉണ്ടായ അപ്രതീക്ഷിത നാടകീയ നീക്കങ്ങളില്‍ ഞെട്ടി കേരളത്തിലെ എന്‍സിപി ഘടകം. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ അജിത് പവാര്‍ പങ്കാളിയായതോടെ പെട്ടെന്നൊരു പ്രതികരണത്തിന് പോലും കഴിയാത്ത വിധം പ്രതിരേധത്തിലായിരുന്നു കേരള എന്‍സിപി.

അജിത് പവാറിന്റെ നീക്കം വ്യക്തപരമാണെന്ന പ്രഖ്യാപനവുമായി ശരത് പവാറിന്റെ ട്വീറ്റ് എത്തിയ ശേഷമാണ് എന്തെങ്കിലും ഒരു പ്രതികരണത്തിന് സംസ്ഥാന എന്‍സിപി നേതൃത്വം തയ്യാറായത്.

മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ഉണ്ടായ പുതിയ സംഭവ വികാസങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗത മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ പറഞ്ഞു.മഹാരാഷ്ട്രയില്‍ പാര്‍ട്ടി കൈക്കൊണ്ട നിലപാടുമായി കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒട്ടും യോജിപ്പില്ല. ഇടതുപക്ഷ രാഷ്ട്രീയമാണ് കേരളത്തിലെ എന്‍ സി പി എന്നും സ്വീകരിച്ചിട്ടുള്ളത്. അത് ഇനിയും തുടരുക തന്നെ ചെയ്യും. നിലപാടില്‍ ഒരു മാറ്റവും ഉണ്ടാവില്ല. ഇപ്പോഴത്തെ രാഷ്ട്രീയവുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ എന്‍സിപി എന്നും ഇടത് മുന്നണിക്കൊപ്പമാണെന്നും ബിജെപി സഖ്യത്തെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മാണി.സി.കാപ്പന്‍ എംഎല്‍എ പ്രതികരിച്ചു.

പാര്‍ട്ടി തീരുമാനം ലംഘിച്ച് ബിജെപിയുമായി ധാരണ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന എന്‍സിപി നേതാവ് ടി.പി പീതാംബരന്റെ പ്രതികരണം.

മഹാരാഷ്ട്രയില്‍ ബിജെപിയെ എന്‍സിപി നേതാവ് അജിത് പവാര്‍ പിന്തുണച്ചതോടെ എന്‍സിപി നിലപാടില്‍വിശദീകരണം അറിയിക്കേണ്ടബാധ്യത ഇടത് മുന്നണിക്കും സിപിഎമ്മിനും ഉണ്ട്. പവാര്‍ പക്ഷത്താണെന്നാകും സിപിഎം വിശദീകരണം എന്ന് പരിഹാസവുമായി ഇതിനകം തന്നെ കെ.മുരളീധരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Top