മഹാനാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക്

മുംബൈ: ഒറ്റ രാത്രികൊണ്ട് ഉണ്ടായ അപ്രതീക്ഷിത നാടകീയ നീക്കങ്ങള്‍ക്ക് പിന്നാലെ മഹാരാഷ്ട്ര റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക്. ഭൂരിപക്ഷം തെളിയിച്ച് അധികാരമുറപ്പിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി മുപ്പതാം തീയതി വരെയാണ് ബിജെപിയ്ക്ക് സമയം നീട്ടി നല്‍കിയിരിക്കുന്നത്. ഇതിനിടെ ബിജെപി സ്വന്തം എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് കൊണ്ടുപോകാതിരിക്കാനാണ് ഇവരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്.

കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്. മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്കായിരിക്കും എംഎല്‍എമാരെ മാറ്റുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ എംഎല്‍എമാരെ ഗവര്‍ണറുടെ മുന്നിലെത്തിക്കാനും നീക്കം നടക്കുന്നുണ്ട്. അതേസമയം, വിമത എംഎല്‍എമാരെ മാറ്റാന്‍ ബിജെപിയും ശ്രമിക്കുകയാണ്. എന്‍സിപിയില്‍നിന്നുള്ള 13 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അതിനാടകീയ നീക്കങ്ങളോടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സഖ്യം അധികാരത്തിലേറിയത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. ശിവസേനഎന്‍സിപികോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം.

Top