സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം നീട്ടി ചോദിച്ച് ശിവസേന, പറ്റില്ലെന്ന് ഗവര്‍ണര്‍

മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നും ഇതിനായി രണ്ട് ദിവസം കൂടുതൽ സമയം വേണമെന്നും ശിവസേന ഗവർണറെ കണ്ട് അഭ്യർത്ഥിച്ചു. എന്നാൽ സമയം നീട്ടി നൽകാൻ ഗവർണർ തയ്യാറായില്ല. ശിവസേനയ്ക്ക് ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചിരുന്നു.

സർക്കാരുണ്ടാക്കാനുള്ള അവകാശ വാദം ഗവർണർ തള്ളിയില്ലെന്നാണ് ഗവർണറെ കണ്ട ശേഷം ആദിത്യ താക്കറെ അവകാശപ്പെട്ടത്. സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും ആദിത്യ താക്കറെ അറിയിച്ചു. എന്‍. സി.പിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ തുടരുമെന്നും ആദിത്യ വ്യക്തമാക്കി.

ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്‍.സി.പിയുമായി ചര്‍ച്ചകള്‍ തുടരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

നേരത്തെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചായിരുന്നു സംഭാഷണം. ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ കോൺഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറാകുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായ ശിവസേനയ്ക്കു ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ ക്ഷണം ലഭിച്ചത്.

ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

Top