ശിവസേന പിന്തുണയ്ക്കും; ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രി എന്ന് ഗഡ്കരി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിലെ അനിശ്ചിതത്വത്തിന് വിട നല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മഹാരാഷ്ട്രയില്‍ ശിവസേനയുടെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഗഡ്കരി അറിയിച്ചു. ഒത്തുതീര്‍പ്പ് ഫോര്‍മുലയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗഡ്കരിയുടെ പേര് കടന്നുവരുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഗഡ്കരി വ്യക്തമാക്കി.

താന്‍ ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രിയിലേയ്ക്ക് പോകില്ലെന്ന് പറഞ്ഞ ഗഡ്കരി ഫഡ്നാവിസ് തന്നെയാണ് മുഖ്യമന്ത്രിയാകുക എന്നും വ്യക്തമാക്കി. ബിജെപിക്ക് 105 സീറ്റുകള്‍ ഉള്ള സാഹചര്യത്തില്‍ പാര്‍ട്ടിയില്‍നിന്നു തന്നെയാവും മുഖ്യമന്ത്രിയെന്നും ഗഡ്കരി അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയും സേനയും തമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നതയില്‍ ആര്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പദവി ഇരുപാര്‍ട്ടികളും പങ്കിടണമെന്ന ആവശ്യത്തില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ശിവസേന.ഈ സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിനായി ഗഡ്കരിയെ മുഖ്യമന്ത്രിയാക്കി സേനയെ അനുനയിപ്പിക്കണമെന്ന വാദവും ബിജെപിയില്‍ ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച രാത്രി ഫഡ്നാവിസ് നാഗ്പുരിലെത്തി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് ഗവര്‍ണറെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭയുടെ കാലാവധി തീരുന്ന നാളെയ്ക്കുള്ളില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാകും.

Top