മനസ്സുവെച്ചാല്‍ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് സമ്പന്നനാകാമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: ചാണകം ഗോമൂത്രം എന്നിവയിലൂടെ സമ്പന്നനാകാമെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ചാണകത്തിനും ഗോമൂത്രത്തിനും ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും, അതിലൂടെ ഇന്ത്യ സാമ്പത്തികമായി ശക്തിപ്പെടുമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ശക്തി 2021 എന്ന പേരില്‍ ദേശീയ വെറ്ററിനറി അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാ മൃഗഡോക്ടര്‍മാരുടെ സമ്മേളനത്തിലാണ് ചൗഹാന്‍ പ്രസ്ഥാവന നടത്തിയത്.

സര്‍ക്കാര്‍ പശു സംരക്ഷണ കേന്ദ്രങ്ങളും പാര്‍പ്പിടങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എന്നാല്‍ സമൂഹത്തിന്റെ പിന്തുണ ഇതിനോടൊപ്പം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മള്‍ മനസുവച്ചാല്‍ ചാണകം ഗോമൂത്രം എന്നിവയിലൂടെ നമ്മുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനാകുമെന്നും ഇതിലൂടെ രാജ്യത്തെ സാമ്പത്തികമായി മെച്ചപ്പെടുത്താനാകുമെന്നും സംസ്ഥാനത്തിലെ ശ്മശാനങ്ങളില്‍ തടിയുടെ അമിത ഉപയോഗം കുറയ്ക്കാന്‍ ചാണക വറളിയാണ് ഉപയോഗിക്കുന്നതെന്നും ശിവരാജ് സിംഗ് ചൗഹാന്‍ അഭിപ്രായപ്പെട്ടു.

ചെറുകിട കര്‍ഷകര്‍ക്കും കന്നുകാലി ഉടമകള്‍ക്കും പശുവളര്‍ത്തല്‍ എങ്ങനെ ലാഭകരമായ സംരംഭമാക്കാമെന്നതിനെപ്പറ്റിയുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങളില്‍ മൃഗഡോക്ടര്‍മാരും വിദഗ്ദ്ധരും ഏര്‍പ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മാത്രമല്ല, ഗുജറാത്തിലെ ഗ്രാമീണരായ ധാരാളം സ്ത്രീകള്‍ പശുവളര്‍ത്തലില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഇത് ഡയറി വ്യവസായം മെച്ചപ്പെടുന്നതിന് വളരെയേറെ സഹായകരമാകുന്നുവെന്നും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവകുപ്പ് മന്ത്രി പര്‍ഷോട്ടം രൂപാല ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഈ മേഖലയില്‍ സംരംഭകത്വം തിരഞ്ഞെടുക്കുന്ന വനിതാ വെറ്ററിനറി ബിരുദധാരികളെ സഹായിക്കണമെന്നും രൂപാല കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Top