‘മഹാ’ രാഷ്ട്രീയം: ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും, ഉറ്റുനോക്കി രാജ്യം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്‌ത്‌ ശിവസേന- എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്ന് 11.30ന് ആണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍.

ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുക, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തെ ക്ഷണിക്കുക, 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കുക എന്നതാണ് റിട്ട് ഹര്‍ജിയിലെ ആവശ്യം.

അതേസമയം ബിജെപിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്ത് പവാറിനെ എൻസിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. ശരദ് പവാർ വിളിച്ചു ചേർത്ത എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം.

ഇതിനിടെ എം.എല്‍.എമാരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുകയാണ് ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും. 54ല്‍ 49 എം.എല്‍.എമാരും തങ്ങളുടെ കൂടെയാണെന്ന് എന്‍.സി.പി അറിയിച്ചു. അജിത്ത് പവാറിന് പകരം ജയന്ത് പാട്ടീലിനെ എന്‍.സി.പി നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്. ശിവസേനയും കോണ്‍ഗ്രസും തങ്ങളുടെ എം.എല്‍.എമാരെ കോണ്‍ഗ്രസ് ഭരണമുള്ള രാജസ്ഥാനിലേക്കാണ് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

Top