കൊറോണ; യാത്രകള്‍ ഒഴിവാക്കിയില്ലെങ്കില്‍ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും

മുംബൈ: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ കനത്ത ജാഗ്രതയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നതെങ്കില്‍ കൂടിയും ഈ നിര്‍ദേശങ്ങള്‍ എല്ലാം കാറ്റില്‍ പറത്തുന്നത് പോലെയാണ് പൊതുജനങ്ങളുടെ പ്രവൃത്തികള്‍. ഇപ്പോള്‍ അതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കിയില്ലെങ്കില്‍ മുംബൈയിലേക്കുള്ള ബസ്, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും വൈറസ് പടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ മുന്നറിയിപ്പ്.

ആളുകള്‍ അനാവശ്യമായ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച അടച്ചിടാനുള്ള തീരുമാനമെടുത്തിട്ടില്ല പകരം പകുതി ജീവനക്കാരെ ഒഴിവാക്കി പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമം.

അതേസമയം, മഹാരാഷ്ട്രയില്‍ ഇതുവരെ 40 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രോഗികളില്‍ 26 പേര്‍ പുരുഷന്‍മാരും 14 സ്ത്രീകളുമാണ്.

Top