നാസിക്കിലെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി

മുംബൈ: നാസിക്കില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് കിണറ്റിലേക്ക് പതിച്ചുണ്ടായ അപകടത്തില്‍ മരണം 20 ആയി. നാസിക്കിലെ മേഷി ഗ്രാമത്തില്‍ വൈകീട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ബസില്‍ 30 പേരും ഓട്ടോയില്‍ ഏഴ് പേരും ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

മലേഗാവ്-കാല്‍വണ്‍ റൂട്ടിലോടുന്ന മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ടയര്‍ പഞ്ചറായതോടെ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ റോഡരികിലെ കിണറ്റിലേക്ക് ഇരുവാഹനങ്ങളും വീണു. അപകടത്തില്‍പ്പെട്ട 30 പേരെ രക്ഷിച്ചതായി പൊലീസ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വഹിക്കും.

Top