മഹാരാഷ്ട്രയിൽ ആഭ്യന്തര വകുപ്പും നഗരവികസനവും ശിവസേനക്ക് , എന്‍.സി.പിക്ക് ധനകാര്യം

മുംബൈ : മഹാരാഷ്ട്രയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട ആഭ്യന്തര വകുപ്പും നഗരവികസനവും ശിവസേനയ്ക്കാണ്. ധനകാര്യം, ഭവനം, ജലവിതരണം തുടങ്ങിയ വകുപ്പുകൾ എൻസിപിക്കു ലഭിച്ചപ്പോൾ റവന്യു, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ വകുപ്പുകൾ കോൺഗ്രസിനാണ്.

മഹാരാഷ്ട്രാ നിയമസഭയുടെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച നാഗ്പുരിലെ നിയമസഭാ മന്ദിരത്തിൽ തുടങ്ങാനിരിക്കെയാണ് വകുപ്പു വിഭജനം നടത്തിയത്. ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രിയാവും. എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലാവും മഹാരാഷ്ട്രയിലെ ധനമന്ത്രി. കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറാട്ടാവും റെവന്യൂമന്ത്രി.

സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചയ്ക്കു ശേഷമാണ് വകുപ്പു വിഭജനം നടത്തിയത്. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ആറ് മന്ത്രിമാര്‍ക്കൊപ്പം നവംബര്‍ 28നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Top