ഹൈപ്പര്‍ ലൂപ്പ് വേണ്ട ; പദ്ധതിയില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വാങ്ങുന്നു ?

മുംബൈ: അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ ലൂപ്പ് പദ്ധതിയില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വാങ്ങുന്നതായി സൂചന. ഹൈപ്പര്‍ ലൂപ്പ് ലോകത്തെ ആദ്യത്തെ പദ്ധതിയാണെന്നും അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ ഏറ്റെടുക്കുന്നത് അപകടകരമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ഹൈപ്പര്‍ ലൂപ്പ് ലോകത്ത് മറ്റെവിടെയും ഇതുവരെ നിര്‍മിച്ചിട്ടില്ല. നമുക്ക് മുന്നെ ഇത് മറ്റെവിടെയങ്കിലും നിര്‍മിച്ച് വിജയിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കാര്യം ആലോചിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി. എന്നാല്‍, തന്റെ അഭിപ്രായം പദ്ധതിയെ ഉപേക്ഷിച്ചതായുള്ള തീരുമാനമായി വ്യാഖ്യാനിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

‘ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്താനുള്ള ശേഷി നമുക്കില്ല എന്നത് മാത്രമാണ് പ്രശ്നം. ബദല്‍ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും അതിനിടയില്‍, വിദേശത്ത് ഈ സാങ്കേതിക വിദ്യ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുകയും അത് വികസിക്കുകയും വിജയിക്കുകയും ചെയ്താല്‍ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ വിമാനത്തോളമോ അതിലേറെയോ വേഗതയില്‍ ഭൂമിയിലൂടെ തന്നെ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമാണ് ഹൈപ്പര്‍ലൂപ്പ്. മണിക്കൂറില്‍ 12,00 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്നാണ് കരുതപ്പെടുന്ന ഹൈപ്പര്‍ലൂപ്പ് മള്‍ട്ടി ബില്യണയര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗ്രൂപ്പ് മുന്നോട്ട് വച്ച 10 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് റിച്ചാഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ മുന്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. മുംബൈ മുതല്‍ പുണെ വരെ ഹൈപ്പര്‍ലൂപ്പ് ഗതാഗതം ആരംഭിക്കുന്നതിനാണ് കമ്പനിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയത്.

Top