പാല്‍ മായം ചേര്‍ക്കുന്നതിനെതിരെ മഹാരാഷ്ട്ര; പിടിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷ കഠിന തടവ്

maha

മുംബൈ: പാലില്‍ മായം ചേര്‍ക്കുന്നതിനെതിരെ മഹാരാഷ്ട സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്നു. പാലില്‍ മായം കണ്ടെത്തിയാല്‍ മൂന്നു വര്‍ഷ തടവും, ജാമ്യം പോലും ലഭിക്കാത്ത കുറ്റമായി കണക്കാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഗിരിഷ് ബാപത് നിയമസഭയില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. പാലില്‍ കൃത്രിമത്വം കാണിച്ചാല്‍ സാധാരണ ആറു മാസത്തെ കാലയളവിലുള്ള ശിക്ഷമാത്രമായിരുന്നു നടപ്പിലാക്കിയിരുന്നത്. എന്നാല്‍ അത് ഇപ്പോള്‍ മൂന്നു വര്‍ഷത്തേക്കായി ഉയര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഈ നിയമം ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതികളെ ജീവപര്യന്തം ശിക്ഷിക്കണമെന്ന് നിയമസഭയിലെ പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ജീവപര്യന്തം നടപ്പാക്കാന്‍ ഇക്കാര്യത്തില്‍ ബുദ്ധിമുട്ടാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

നിലവില്‍ സംസ്ഥാനത്ത് മായം പരിശോധിക്കാന്‍ നാല് മൊബൈല്‍ വാന്‍ സംഘങ്ങള്‍ ഉണ്ട്. എന്നാല്‍ കൃത്യമായി അവര്‍ കാര്യങ്ങള്‍ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ ദിവസവും കൃത്യമായി പരിശോധിച്ചതിനു ശേഷം മാത്രം പാല്‍ വിതരണം നല്‍കിയാല്‍ മതിയെന്നും മന്ത്രി അറിയിച്ചു. ജീവനക്കാര്‍ കുറവായതിനാല്‍ പലപ്പോഴും കൃത്യമായ പരിശോധന നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മുംബൈയില്‍ നിന്നും കൊണ്ടു വരുന്ന മുപ്പത് ശതമാനം പാലും മായം ചേര്‍ന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പാല്‍ മാത്രമല്ല മരുന്നുകള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളിലും മായം പരിശോധിക്കാനും, നിലവിലുള്ള നിയമങ്ങള്‍ പരിശോധിച്ച് ഭേദഗതി വരുത്തണമെന്നും ബിജെപി അംഗം ആവശ്യപ്പെട്ടു.

Top