സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പാലിക്കാന്‍ പൊലീസിന് മാര്‍ഗനിര്‍ദേശങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പാലിക്കാന്‍ പൊലീസിന് മാര്‍ഗനിര്‍ദേശങ്ങളുമായി മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഏതെങ്കിലും സ്ത്രീ പരാതിയുമായി സമീപിച്ചാല്‍ അവരുടെ മൊഴി ഒരു വനിതാ ഓഫീസര്‍ തന്നെ എടുക്കണം. ഇതിനുപുറമെ 24 മണിക്കൂറിനുള്ളില്‍ ഇരയെ വനിതാ ശിശു വികസന സമിതിക്ക് മുന്നില്‍ ഹാജരാക്കണം.

ഇരയെ സമിതിക്ക് മുന്‍പില്‍ ഹാജരാക്കുന്നതില്‍ നിരവധി കേസുകളില്‍ കാലതാമസം വരാറുണ്ടെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വിരാറില്‍ പീഡനക്കേസിലെ ഇരയെ 45 ദിവസത്തിന് ശേഷമാണ് സമിതിക്ക് മുന്‍പില്‍ ഹാജരാക്കിയത്. ഇതുമൂലം ആ സ്ത്രീ മുപ്പത് ആഴ്ചയോളം ഗര്‍ഭിണി ആവുകയും ചെയ്തു.

പെണ്‍കുട്ടികളാണ് ഇരകളെങ്കില്‍ ബന്ധുവിന്റെ സാന്നിധ്യത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ഉള്ള വനിതാ ഉദ്യോഗസ്ഥ ഇരക്ക് സൗകര്യപ്രദമായ ഭാഷയില്‍ മൊഴി രേഖപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. എല്ലാ പൊലീസ് സ്‌റ്റേഷനിലും ഒരു ശിശു വികസന ഓഫീസര്‍ വേണമെന്നും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.

 

Top