തടസ്സങ്ങള്‍ നീങ്ങി, 6-ാം നാള്‍ സര്‍ക്കാര്‍ റെഡി; ശിവസേനയുടെ പുതിയ ഡയലോഗ്

ഹാരാഷ്ട്രയില്‍ നാടകീയതയ്ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ക്ക് ശേഷവും സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയാതെ വന്നതോടെയാണ് ഇതുവരെ കാണാത്ത നാടകങ്ങള്‍ക്ക് തുടക്കമായത്. മഹാരാഷ്ട്രയില്‍ ഈ മാസം തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് സേനയുടെ പുതിയ പ്രഖ്യാപനം. ആറ് ദിവസങ്ങള്‍ക്കകം ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അവര്‍ അവകാശപ്പെടുന്നു.

‘സര്‍ക്കാര്‍ രൂപീകരണത്തിന്റെ നടപടിക്രമങ്ങള്‍ അടുത്ത 5, 6 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഡിസംബറിന് മുന്‍പ് ജനപ്രിയവും ശക്തവുമായ സര്‍ക്കാര്‍ രൂപീകരിക്കും. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്’, ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് നിലനിന്നിരുന്ന തടസ്സങ്ങള്‍ ഇപ്പോള്‍ നീങ്ങിക്കഴിഞ്ഞു. അടുത്ത ദിവസം ഉച്ചയോടെ വ്യക്തമായ ചിത്രം നല്‍കും, റൗത്ത് കൂട്ടിച്ചേര്‍ത്തു.

shivsena

നിയമസഭാ തെരഞ്ഞെടുപ്പില്‍ 56 സീറ്റ് നേടിയ ശിവസേന തങ്ങള്‍ സൃഷ്ടിക്കുന്ന സഖ്യത്തിന് 170 എംഎല്‍എമാരുടെ പിന്തുണയുള്ളതായി ആവര്‍ത്തിച്ചു. 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന് ആവശ്യം. ബിജെപിക്കൊപ്പം ചേര്‍ന്നാണ് ശിവസേന തെരഞ്ഞെടുപ്പിനെ നേരിട്ടത്. 105 എംഎല്‍എമാരുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്.

എതിരാളികളായ എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളെ കൂടെക്കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സേനയുടെ നീക്കങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. കോണ്‍ഗ്രസിന് ഈ വിഷയത്തിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസിന്റെ സംശയമാണ് ശിവസേനയുമായി കൈകോര്‍ക്കുന്നതിന് തടസ്സമെന്നാണ് കരുതുന്നത്.

Top