അര്‍ണാബിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍

മുംബൈ: ആത്മഹത്യാ പ്രേരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി. ജയിലില്‍ വച്ച് താന്‍ അക്രമിക്കപ്പെട്ടുവെന്ന അര്‍ണാബിന്റെ പരാതി വന്നതോടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ ആശങ്ക അറിയിച്ചത്.

ഇക്കാര്യവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖുമായി ഗവര്‍ണര്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാണാന്‍ അര്‍ണബിനെ അനുവദിക്കണമെന്നും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അലിബാഗിലെ താത്കാലിക ജയിലില്‍ അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് അര്‍ണബിനെ തലോജ ജയിലിലേക്ക് മാറ്റിയത്.

അലിബാഗിലെ താത്കാലിക ജയിലില്‍ വച്ച് ജയിലര്‍ തന്നെ അക്രമിച്ചുവെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും അഭിഭാഷകരെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അര്‍ണബ് തലോജ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാനില്‍ വച്ച് ആരോപിച്ചിരുന്നു.

Top