വിവാദ പ്രസ്താവന നടത്തി മഹാരാഷ്ട്ര ഗവർണർ

മുംബൈ: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര ഗവർണർ. ഗുജറാത്തികളെയും രാജസ്ഥാനികളെയും മഹാരാഷ്ട്രയിൽ നിന്ന് പുറത്താക്കിയാൽ സംസ്ഥാനത്തിന് സാമ്പത്തിക മൂലധനം ഉണ്ടാകില്ലെന്ന് ഭഗത് സിംഗ് കോഷിയാരി. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി തുടരാൻ മുംബൈയ്ക്ക് കഴിയില്ലെന്നും ഗവർണർ പറഞ്ഞു. കഠിനാധ്വാനികളായ മറാത്തി ജനതയെ ഗവർണർ അപമാനിച്ചുവെന്ന് ശിവസേന ആരോപിച്ചു.

കഴിഞ്ഞ ദിവസം ഒരു പരുപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കവെയാണ് ഗവർണർ വിവാദ പരാമർശം നടത്തിയത്. ‘ഗുജറാത്തികളെയും രാജസ്ഥാനികളെയും മഹാരാഷ്ട്രയിൽ നിന്ന്, പ്രത്യേകിച്ച് മുംബൈയിലും താനെയിലും നിന്ന് പുറത്താക്കിയാൽ സംസ്ഥാനത്തിന് സാമ്പത്തിക മൂലധനം ഉണ്ടാകില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ മറാത്തി ജനതയെ ഗവർണർ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഗവർണറുടെ പ്രസംഗത്തെ ശിവസേന എംപി സഞ്ജയ് റാവത്ത് അപലപിച്ചു.

ബിജെപി സ്‌പോൺസേർഡ് മുഖ്യമന്ത്രി അധികാരത്തിലെത്തിയ ഉടൻ മറാത്തി ജനത അപമാനിക്കപ്പെടുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. “മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഗവർണറെ അപലപിക്കുകയെങ്കിലും ചെയ്യുക. പരാമർശം കഠിനാധ്വാനികളായ മറാത്തി ജനതയ്ക്ക് അപമാനമാണ്”-സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. കോൺഗ്രസും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

 

Top