ഉദ്ധവിന്റെ സത്യപ്രതിജ്ഞ അല്‍പ സമയത്തിനകം; 6 മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ഇന്ന്

മുംബൈ: ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യസര്‍ക്കാര്‍ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അല്പ സമയത്തിനകം സത്യപ്രതിജ്ഞ ചെയ്യും. നീണ്ട ദിവസത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഇന്ന് വൈകിട്ട് 6.45ന് ദാദര്‍ ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.

ഉദ്ധവ് താക്കറെയ്ക്ക് പുറമേ കോണ്‍ഗ്രസില്‍നിന്ന് ബലാസാഹേബ് തോറത്ത്, നിതിന്‍ റാവത്ത് എന്നിവരും എന്‍സിപിയില്‍നിന്ന് ജയന്ത് പാട്ടീല്‍, ചഗ്ഗന്‍ ബുജ്ബാല്‍ എന്നിവരും ശിവസേനയില്‍നിന്ന് ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ചടങ്ങില്‍ പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, ഡി.എം.കെ. അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, മുകേഷ് അംബാനി, അമിതാഭ് ബച്ചന്‍ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ എത്തിയേക്കും.

കനത്ത സുരക്ഷയാണ് ശിവാജി പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. ഏതാണ്ട് 2000 പൊലീസുദ്യോഗസ്ഥരാണ് ശിവാജി പാര്‍ക്കിന് സുരക്ഷയൊരുക്കുന്നത്.

Top