കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച് മഹാരാഷ്ട്ര

മുംബൈ: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല. ഓരോ വ്യക്തിയുടേയും താത്പര്യം അനുസരിച്ച് മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാമെന്നാണ് പുതിയ നിര്‍ദേശം.

ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ കൂടിച്ചേരലുകള്‍ക്കും ഇനി ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ പുതുവത്സരം ആഘോഷിക്കുന്ന ശനിയാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.

വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനുള്ള നിര്‍ണായക തീരുമാനം വന്നത്. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് പൂര്‍ണ ഇളവുകള്‍ പ്രഖ്യാപിച്ചത്.

അതേസമയം മാസ്‌ക് നിര്‍ബന്ധമില്ലെങ്കിലും കുറച്ചു കാലം കൂടി തുടരുന്നതാണ് ഉചിതമെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 20220ല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ 78,73,619 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. 1,47,780 പേര്‍ രോഗം ബാധിച്ച് മരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം 119 പേര്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ കോവിഡ് പോസിറ്റീവായത്.

Top