ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയത്. ഇവ രണ്ടും മറാഠ മേഖലയിലുള്ള ജില്ലകളാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം റവന്യൂ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച് ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചത്.

മുന്‍പ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ രണ്ടു ജില്ലകളുടെയും പേരുമാറ്റാനായി തീരുമാനമെടുത്തിരുന്നു. ഇതു പിന്നീടെത്തിയ ഷിന്‍ഡെ സര്‍ക്കാരും തിരുത്താന്‍ തയാറായില്ല. എന്നാല്‍ തീരുമാനത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ ഹര്‍ജി വന്നതോടെ തീരുമാനം നീണ്ടു. അടുത്തിടെ ഹര്‍ജി കോടതി തള്ളിയതോടെയാണ് പേരുമാറ്റ നടപടികള്‍ വീണ്ടും തുടങ്ങിയത്.

Top