‘മഹാരാഷ്ട്രീയ’ത്തില്‍ നിര്‍ണായക ദിനം : വിശ്വാസ വോട്ടെടുപ്പിൽ വിശ്വസിച്ച് മഹാസഖ്യം

മുംബൈ : മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ ഗവര്‍ണറുടെ നടപടികളെ ചോദ്യം ചെയ്‌ത്‌ ശിവസേന-കോണ്‍ഗ്രസ്-എന്‍ സി പി കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നും സുപ്രീം കോടതിയില്‍ വാദം തുടരും.

ഫഡ്നവീസ് സര്‍ക്കാരിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാകും ഇന്ന് സുപ്രീംകോടതിയില്‍ നിന്നുണ്ടാകുന്ന ഓരോ നടപടിയും. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിശോധിക്കും.

സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവർണ്ണർ നൽകിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്നാവിസ് നൽകിയ കത്തുമാണ് കോടതിക്ക് മുൻപിൽ വരുന്നത്. പത്തരക്ക് കോടതി ചേരുന്നതിന് മുൻപ് രേഖകൾ എത്തിക്കണമെന്നാണ് നിർദ്ദേശം. രേഖകളുടെ സാധുത പരിശോധിച്ച ശേഷമാകും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ഹർജിയിലെ ആവശ്യത്തിൽ കോടതി തീരുമാനമെടുക്കും.

ഗവര്‍ണറുടെ നടപടി നിലനില്‍ക്കുന്നതാണെന്ന് ‌കോടതിക്ക് ബോധ്യപ്പെട്ടാല്‍ ഭൂരിപക്ഷമുണ്ടെന്ന ബി.ജെ.പിയുടെ അവകാശവാദം അംഗീകരിച്ച ഗവര്‍ണറുടെ നടപടി കോടതി ശരിവെക്കും. ‌മഹാ വികാസ് അഖാ‍ഡിക്ക് ഭൂരിപക്ഷമുണ്ടെന്ന് ഹർജിക്കാരും കോടതിയില്‍ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ‌അങ്ങനെ വന്നാല്‍ വിശ്വാസ വോട്ടെടുപ്പിന് കോടതി ഉത്തരവിട്ടേക്കും. ‌എന്നാല്‍ വോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്ന കോടതിയുടെ തീരുമാനവും നിര്‍ണായകമാകും.

അതേസമയം മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളിൽ പാർലമെൻറിൽ ഇന്ന് പ്രതിഷേധിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഇരുസഭകളിലും വിഷയം ഉന്നയിക്കാൻ കോൺഗ്രസും എൻസിപിയും ശിവസേനയും നോട്ടീസ് നല്‍കി. കൂടുതൽ പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിറുത്താനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.

Top