ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ആറു മാസത്തേക്കാണ് രാഷ്ട്രപതി ഭരണം.

ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കേന്ദ്രത്തിന് നല്‍കിയിരുന്നു. ഗവര്‍ണറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിസഭയും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയത്. ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരമാണ് നടപടിക്ക് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്.

സര്‍ക്കാര്‍ രൂപീകരണത്തിനു 48 മണിക്കൂര്‍ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ചൊവ്വാഴ്ച രാവിലെ ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നു. സര്‍ക്കാര്‍ രൂപീകരണം ചൊവ്വാഴ്ച സാധ്യമല്ലെന്നു എന്‍സിപി അറിയിച്ചതായാണ് സൂചന. ആവശ്യം നിരസിച്ച ഗവര്‍ണര്‍, സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ലെന്നു കാട്ടി രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ ചെയ്തു റിപ്പോര്‍ട്ടു നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി വിളിച്ച അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം രാഷ്ട്രപതി ഭരണം സംബന്ധിച്ച ശുപര്‍ശ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീല്‍ സന്ദര്‍ശനത്തിന് ഇന്ന് പുറപ്പെടുന്നതു കണക്കിലെടുത്താണ് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നത്.

അതേസമയം, സർക്കാർ രൂപീകരണത്തിനു ഗവർണർ കൂടുതൽ സമയം നൽകിയില്ലെന്നു കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ബി.ജെ.പിക്ക് 48 മണിക്കൂർ സമയമാണ് അനുവദിച്ചത്. എന്നാൽ ശിവസേനയ്ക്ക് 24 മണിക്കൂർ മാത്രമാണ് അനുവദിച്ചതെന്നും ഗവർണറുടെ നടപടി വിവേചനപരമാണെന്നും ശിവസേന ഹർജിയിൽ ആരോപിക്കുന്നു.

ബിജെപിക്ക് 105, ശിവസേന-56, എൻസിപി-54, കോൺഗ്രസ് – 44 എന്നിങ്ങനെയാണ് മഹാരാഷ്ട്രയിലെ കക്ഷി നില.288 അംഗ നിയമസഭയിൽ 145 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപവത്കരണത്തിന് ആവശ്യമായത്. ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

Top