വിശ്വാസ വോട്ടെടുപ്പ്: തിരക്കിട്ട ചര്‍ച്ചകള്‍; ഫഡ്‌നാവിസിന് നാളെ നിര്‍ണായക ദിനം

മുംബൈ: മഹാരാഷ്ട്രയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി ബിജെപി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വീട്ടിലാണ് തിരക്കിട്ട ചര്‍ച്ചകള്‍ അരങ്ങേറുന്നത്. ഉപമുഖ്യമന്ത്രി അജിത് പവാര്‍,മറ്റു ബിജെപി നേതാക്കള്‍, കഴിഞ്ഞ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന ബിജെപി എംഎല്‍എ ഹരിഭാവു ബാഗ്ദെ എന്നിവർ ചര്‍ച്ചയ്ക്കായി ഫഡ്നാവിസിന്റെ വസതിയിലെത്തിയിട്ടുണ്ട്. അടുത്ത സ്പീക്കര്‍ ചാര്‍ജ് എടുക്കുന്നത് വരെ ഔദ്യോഗികമായി ഹരിഭാവു ബാഗ്ദെയ്ക്കാണ് സ്പീക്കറുടെ ചുമതല.

ഇതിനിടെ ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് രാത്രി ഒമ്പത് മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. 105 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. അജിത് പവാറടക്കം മൂന്ന് എംഎല്‍എമാരാണ് എന്‍സിപിയില്‍ നിന്ന് പിന്തുണക്കുന്നത്. സ്വതന്ത്രരെ എല്ലാവരേയും ഒപ്പം കൂട്ടിയാലും കേവലഭൂരിപക്ഷത്തിന് വേണ്ട 145 തികയില്ല. പ്രതിപക്ഷത്ത് നിന്ന് കൂടുതല്‍ പേരെ അടര്‍ത്തിയെടുത്താല്‍ മാത്രമേ വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനാകൂ.

കുതിരക്കച്ചവടത്തിന്റെ വഴികള്‍ ഏറെക്കുറെ അടച്ചുകൊണ്ടുള്ളതാണ് ഇന്നത്തെ സുപ്രീംകോടതി വിധി. മഹാസഖ്യം 162 എംഎല്‍എമാരുമായി മുംബൈയിലെ ഹോട്ടലില്‍ ശക്തി പ്രകടനം നടത്തിയ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കുന്നത് ഫഡ്‌നാവിസിന് വെല്ലുവിളിയാകും.

അതേ സമയം 13 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് അജിത് പവാര്‍ അവകാശപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ 162 എംഎല്‍എമാര്‍ ഒരുമിച്ച് ഹയാത്ത് ഹോട്ടലില്‍ അണി നിരന്നിരുന്നു.

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സേന എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി വിധി. പ്രോടേം സ്പീക്കറെ കണ്ടെത്തി അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ സുതാര്യമാകണമെന്ന് പറഞ്ഞ കോടതി, വോട്ടെടുപ്പ് നടപടികള്‍ മാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചു.

എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ രണ്ട് ആഴ്ചയെങ്കിലും വേണമെന്ന നിലപാടായിരുന്നു ബിജെപി സുപ്രീം കോടതിയില്‍ എടുത്തത്. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് രമണയാണ് വിധി വായിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Top