മഹാരാഷ്ട്രയിൽ മറ്റന്നാൾ വിശ്വാസ വോട്ടെടുപ്പ്; ഏകനാഥ് ഷിൻഡേ സഭയിൽ ഭൂരിപക്ഷം തെളിയിക്കണം

മുംബൈ: മഹാരാഷ്ട്രയിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ് നടക്കും. പുതിയതായി അധികാരമേറ്റ ഏകനാഥ് ഷിൻഡേ സർക്കാർ ശനിയാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. അതേസമയം, ഷിൻഡേ മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ശരദ് പവാർ പ്രതികരിച്ചു. ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായത് അത്ഭുതപ്പെടുത്തി. ശിവസേനയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറെ നാടകീയതയ്‍ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡേ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏക്നാഥ് ഷിൻഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസും രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഫട്നാവിസ് പിന്നീട് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശപ്രകാരം സ്ഥാനമേൽക്കുകയായിരുന്നു. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ.

Top