ഭിന്നലിംഗക്കാര്‍ക്കായുള്ള വെല്‍ഫെയര്‍ ബോര്‍ഡിന് മഹാരാഷ്ട്രയില്‍ അംഗീകാരം

transgenders

മുംബൈ: നീണ്ട നാളുകളായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ അവസാനം ഭിന്നലിംഗക്കാര്‍ക്കായുള്ള വെല്‍ഫെയര്‍ ബോര്‍ഡിന് മഹാരാഷ്ട്രയില്‍ അംഗീകാരം. 5 കോടി രൂപയാണ് ഇവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഇവര്‍ക്കായി നടപ്പിലാക്കുന്നത്.

ഭിന്നലിംഗക്കാരുടെ വിദ്യാഭ്യാസം, ജോലി, വീട്, ആരോഗ്യം തുടങ്ങിയ പദ്ധതികളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ദിലീപ് കാബ്ലെ അറിയിച്ചു.

2013-ല്‍ സ്ത്രീകളുടെ ക്ഷേമത്തിനായുള്ള ബില്‍ പരിഗണിക്കുന്നതിനിടെയാണ് ആദ്യമായി ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനും, അവരുടെ സംരക്ഷണത്തിനും വേണ്ടി വെല്‍ഫെയര്‍ സ്‌കീം വേണമെന്ന ആശയം നിയമ സഭയില്‍ സൂചിപ്പിച്ചത്.

trans2000

തുടര്‍ന്ന് 2014-ല്‍ മുന്‍ സര്‍ക്കാര്‍ ഭിന്നലിംഗക്കാര്‍ക്കായുള്ള വെല്‍ഫെയര്‍ ബോര്‍ഡിനെ കുറിച്ചുള്ള പദ്ധതി നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബില്‍ പാസാക്കിയത്. സംസ്ഥാനത്ത് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്ക് വിവിധ ക്ഷേമ പദ്ധതികളും ബില്ലില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഭിന്നലിംഗക്കാരുടെ ക്ഷേമം, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ പദ്ധതികളുടെ ചുമതല സ്ത്രീ-ശിശു സുരക്ഷ-ക്ഷേമ മന്ത്രാലയത്തിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ 2017-18 ബജറ്റില്‍ ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി നിശ്ചിത തുക നീക്കി വെച്ചിരുന്നു. തൊട്ടു പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇവരുടെ ക്ഷേമത്തിനായി 5 കോടി വകയിരുത്തിയത്.

സ്ത്രീ-ശിശു സുരക്ഷ ക്ഷേമ മന്ത്രി പങ്കജ് മുണ്ടെയാണ് പദ്ധതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കിയത്. ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി 5 പദ്ധതികള്‍ വരുന്നുണ്ടെന്ന് നേരത്തെ, മന്ത്രി അറിയിച്ചിരുന്നു. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു

Top