മഹാരാഷ്ട്രയില്‍ ഇവി വില്‍പ്പന 157 ശതമാനം ഉയര്‍ന്നു

2021ലെ ഇവി പോളിസി പുറത്തിറക്കിയതിന് ശേഷം സംസ്ഥാനത്ത് ഇവി രജിസ്‌ട്രേഷൻ 157 ശതമാനം വർധിച്ചതായി മഹാരാഷ്ട്രയുടെ ടൂറിസം, പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. മുംബൈയിൽ മാത്രം 2019-2020ൽ 7,400 ഇവികൾ രജിസ്റ്റർ ചെയ്‍തു. ഇത് 2020-2021ൽ 9,461 ഇവികളായി ഉയർന്നു. 2021 ജൂലൈയിൽ സർക്കാർ നയം പുറത്തിറക്കിയ ശേഷം 24,215 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്‍തിട്ടുണ്ടെന്നും താക്കറെ പറഞ്ഞു.

2021ലെ ഇവി പോളിസി പ്രകാരം, വാഹന ബാറ്ററി ശേഷിയുടെ ഒരു kWh-ന് 5,000 രൂപ മഹാരാഷ്ട്ര സർക്കാർ ഇൻസെന്റീവ് വാഗ്ദാനം ചെയ്യുന്നു. ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും പരമാവധി ഇൻസെന്റീവ് യഥാക്രമം 10,000 രൂപയും 30,000 രൂപയുമാണ്.

അതേസമയം, നാല് ചക്ര വാഹനങ്ങൾക്ക് പരമാവധി ഇൻസെന്റീവ് 1.50 ലക്ഷം രൂപയാക്കി. വാങ്ങുന്നവർക്ക് നേരത്തെയുള്ള ബേര്‍ഡ് ഇന്‍സെന്‍റീവ് (ഡിസംബർ 31, 2021-ന് മുമ്പ് വാഹനം വാങ്ങുമ്പോൾ) മറ്റ് നിരവധി ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്. 2025 ഓടെ ഒരു വർഷം പുതിയ വാഹന രജിസ്ട്രേഷനുകളുടെ 10 ശതമാനം അല്ലെങ്കിൽ 3,00,000 EV-കളിലേക്ക് ഇവികൾ സംഭാവന ചെയ്യുക എന്നതാണ് പോളിസിയുടെ ലക്ഷ്യം.

ആദ്യകാല ബേര്‍ഡ് ഇന്‍സെന്‍റീവ് പദ്ധതി പ്രകാരം, ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മാസ് മാർക്കറ്റ് ഇലക്ട്രിക് കാറായ ടിഗോർ ഇവിയുടെ വില 2.30 ലക്ഷം രൂപ വരെ കുറഞ്ഞു. അതേസമയം, തിരഞ്ഞെടുത്ത നെക്സോണ്‍ ഇവി വേരിയന്റുകൾക്ക് ഈ സ്‍കീമിന് കീഴിൽ 2.50 ലക്ഷം രൂപ വരെ ഇൻസെന്റീവുകൾ ലഭിക്കും. നെക്‌സോൺ ഇവിക്ക് നിലവിൽ ആറ് മാസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്. ടിഗോർ ഇവി വെറും ഒരു മാസത്തിനുള്ളിൽ ഡെലിവർ ചെയ്യപ്പെടുമെന്ന് ഡീലർ വൃത്തങ്ങൾ അറിയിച്ചു.

Top